ആശാ വർക്കർക്കും കെഎസ്ആർടിസി, എക്സൈസ് ഡ്രൈവർമാർക്കും കൊവിഡ് സ്ഥിരീകരിച്ചു

By Web Team  |  First Published Jun 16, 2020, 8:52 PM IST

എക്സൈസ് ഡ്രൈവർക്ക് കണ്ണൂരിലും കെഎസ്ആർടിസി ഡ്രൈവർക്ക് തിരുവനന്തപുരത്തും ആശാ വർക്കർക്ക് പത്തനംതിട്ടയിലുമാണ് രോഗം സ്ഥിരീകരിച്ചത്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ആശാവർക്കർക്കും കെഎസ്ആർടിസിയിലും എക്സൈസ് വകുപ്പിലും ജോലി ചെയ്യുന്ന രണ്ട് ഡ്രൈവർമാർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു. എക്സൈസ് ഡ്രൈവർക്ക് കണ്ണൂരിലും കെഎസ്ആർടിസി ഡ്രൈവർക്ക് തിരുവനന്തപുരത്തും ആശാ വർക്കർക്ക് പത്തനംതിട്ടയിലുമാണ് രോഗം സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെയാണ് മട്ടന്നൂർ എക്സൈസ് വകുപ്പ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ പടിയൂർ സ്വദേശിയാണ്. റിമാന്റ് പ്രതിയുമായി ജില്ലാ ആശുപത്രിയിലും തോട്ടട ക്വാറന്റൈൻ കേന്ദ്രത്തിലും പോയിരുന്നു. മറ്റ് സമ്പർക്കങ്ങൾ ഉണ്ടായിട്ടില്ല. ഇതോടെ മട്ടന്നൂർ എക്സൈസ് ഓഫീസ് അടച്ചു. ഇവിടുത്തെ 18 ജീവനക്കാരെയും നിരീക്ഷണത്തിലേക്ക് മാറ്റി.

Latest Videos

undefined

കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് 40 വയസാണ് പ്രായം. ജൂൺ രണ്ടിന് തൃശൂരിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരത്ത് എത്തിയതാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ നിരീക്ഷണ കേന്ദ്രത്തിലും തമിഴ്നാട് അതിർത്തിയിലും എത്തിച്ച ബസിലെ ഡ്രൈവറായിരുന്നു. ഞായറാഴ്ച രോഗലക്ഷണം പ്രകടിപ്പിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി.

മാർച്ച് 8ന് ഇറ്റലിയിൽ നിന്നെത്തിയവരുടെ കുടുംബത്തിന് ശേഷം ആദ്യമായാണ് പത്തനംതിട്ട ജില്ലയിൽ സമ്പർക്കത്തിലൂടെ ഒരാൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. അതും ആശാ വർക്കർക്ക്. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. അതേസമയം ഇവരുമായി അടുത്ത് ഇടപഴകിയ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള 30 പേരെ നിരീക്ഷണത്തിലേക്ക് മാറ്റി.

click me!