കടയ്ക്കല്‍ സ്വദേശി ഷൈൻ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്.
കൊല്ലം: കൊല്ലം കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. കടയ്ക്കല്‍ സ്വദേശി ഷൈൻ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്നും പിന്നിൽ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തിയെന്നും പൊലീസ് പറയുന്നു.
സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെയിന്റും ബ്രഷും കണ്ടെത്തിയത്. ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈൻ ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മർദ്ദിക്കാൻ ആവശ്യപെട്ടുവെങ്കിലും താൻ ചെയ്‌തില്ലെന്നും ജോഷി പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുന്ന വഴിയായിരുന്നു ആക്രമണമെന്നായിരുന്നു കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ പരാതി. തന്നെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്നായിരുന്നു ഷൈന്‍ കുമാർ പൊലീസിൽ നൽകിയ പരാതിയില്‍ പറഞ്ഞിരുന്നു. പിന്നാലെ കണ്ടാലറിയുന്ന ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങിയിരുന്നു. പിന്നാലെയാണ് യഥാർത്ഥ സംഭവം വെളിവായത്. എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സൈനികനെ ചോദ്യം ചെയ്യുകയാണെന്നും അതിന് ശേഷം മാത്രമാകും തുടര്‍നടപടികളെന്ന് കടയ്ക്കല്‍ പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശദമാക്കി.
ചാപ്പ കുത്തിയെന്ന് വ്യാജ പരാതി നൽകിയത് പ്രശസ്തനാകാൻ