നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് ജില്ലാ പൊലീസ് മേധാവി

By Web TeamFirst Published Jul 24, 2024, 4:23 PM IST
Highlights

ഷിരൂരിലെ ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്.

ബെംഗളൂരു/കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. ഷിരൂരിലെ ഗംഗാവലിയിൽ നദിക്കടിയില്‍ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. സ്ഥലത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൂന്ന് ബോട്ടുകളിലായി 18 പേര്‍ അടുങ്ങുന്ന നാവിക സംഘം നദിയിലേക്ക് പോയെങ്കിലും കനത്ത മഴ കാരണം തെരച്ചിൽ നടത്താൻ കഴിയാതെ മടങ്ങി. 

അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ​ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ഇത് അർജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ നദിയുടെ കരയോട് ചേർന്ന ഭാഗത്ത് ഡീപ് ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്കലേറ്റർ ഉപയോഗിച്ച് അർജുന്‍റെ ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം. പ്രദേശത്ത് നിലവില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നുത്. ഇന്ന് രാത്രിയും തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.

Latest Videos

​ഗം​ഗാവലി നദിയിൽ നിന്ന് കഴിഞ്ഞ ദിവസം റഡാർ സി​ഗ്നൽ ലഭിച്ച അതേ സ്ഥലത്ത് നിന്നും ഇന്നലെ സോണാർ സി​ഗ്നലും ലഭിച്ചിരുന്നു. ബൂം എക്സ്കവേറ്റർ ഉപയോ​ഗിച്ച് നദിയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. എക്സവേറ്റർ ഉപയോ​ഗിച്ച് 60 അടി വരെ ആഴത്തിലും നീളത്തിലും തെരച്ചിൽ നടത്താൻ സാധിക്കും. ഗം​ഗാവലി പുഴയിലെ അടിയൊഴുക്ക് തെരച്ചിലിന് വലിയ വെല്ലുവിളിയായിരുന്നു. ജൂലൈ 8ന് ആണ് അർജുൻ ലോറിയിൽ പോയത്. ജൂലായ് 16 ന് രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലാണ് അര്‍ജുന്‍ അപകടത്തില്‍പ്പെട്ടത്.

കര-നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിലുണ്ടായിരുന്നു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ അതിജീവിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒരുടുവാണ് ഇപ്പോള്‍ അര്‍ജുന്‍റെ ലോറി കണ്ടെത്തിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!