അർജുൻ ദൗത്യം നീളും: കാലാവസ്ഥ അനുകൂലമാകുംവരെ കാത്തിരിക്കണമെന്ന് കളക്ടർ, പുഴയിലിറങ്ങാൻ സാഹചര്യമില്ലെന്ന് സൈന്യം

By Web Team  |  First Published Jul 25, 2024, 8:11 PM IST

കാത്തിരിക്കുക അല്ലാതെ മറ്റ് മാർ​ഗങ്ങളൊന്നുമില്ലെന്നും കാലാവസ്ഥ അനുകൂലമാകാതെ ഒന്നും ചെയ്യാനാകില്ലെന്നും കളക്ടർ വ്യക്തമാക്കി. 


ബെം​ഗളൂരു: ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ നീളാൻ സാധ്യത. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാവികർക്ക് സുരക്ഷിതമായി നദിയിൽ ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാനാകില്ല. ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാത്തിരിക്കുക അല്ലാതെ മറ്റ് മാർ​ഗങ്ങളൊന്നുമില്ലെന്നും കാലാവസ്ഥ അനുകൂലമാകാതെ ഒന്നും ചെയ്യാനാകില്ലെന്നും കളക്ടർ വ്യക്തമാക്കി. 

പുഴയിൽ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ട്രക്കിന്റെ സ്ഥാനമോ ക്യാബിനോ കൃത്യമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സൈന്യം ചൂണ്ടിക്കാട്ടി. ​ഗം​ഗാവലി പുഴയിൽ രാത്രിയും ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. രാത്രി നടക്കുന്ന തെർമൽ സ്കാനിം​ഗിലും മനുഷ്യസാന്നിദ്ധ്യം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കും.  അതേ സമയം നദിയിൽ നാലിടത്ത് ലോഹഭാ​ഗങ്ങൾ കണ്ടെത്തിയെന്ന് റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. 

Latest Videos

അർജുൻ ദൗത്യം ദിവസങ്ങൾ നീണ്ടേക്കാമെന്നാണ് സൈന്യത്തിന്റെ അനുമാനം. ഏറ്റവും വലിയ ലോഹഭാഗത്തിന്‍റെ സിഗ്നൽ കിട്ടിയ ഇടം ആണ് ട്രക്കെന്ന് കണ്ടെത്തിയിരിക്കുന്നത്. സിഗ്നലുകൾ വച്ച് മാപ്പ് ചെയ്ത രൂപവും ഒരു ട്രക്കിന്‍റേതാണ്. ഐബോഡ്, റഡാർ, സോണാർ സിഗ്നലുകൾ ചേർത്ത് വച്ചും പരിശോധന നടത്തി. അത് എട്ട് മുതൽ 10 മീറ്റർ വരെ ആഴത്തിലാണ്, അതായത് കരയിൽ നിന്ന് ഏതാണ്ട് 60 മീറ്റർ ദൂരത്തിലാണ് ഇവയുള്ളത്.

അവിടെ താഴെയിറങ്ങി പരിശോധന നടത്തിയാൽ മാത്രമേ അത് എത്രത്തോളം മണ്ണിൽ പുതഞ്ഞിട്ടുണ്ടെന്ന് മനസ്സിലാകൂ. നിലവിലെ സാഹചര്യത്തിൽ ഡൈവിംഗിന് ഒരു സാധ്യതയുമില്ലെന്നും സൈന്യം വ്യക്തമാക്കുന്നു. ക്യാബിനോ ട്രക്കിന്‍റെ പൊസിഷനോ ഇപ്പോൾ കൃത്യമായി നിർണയിക്കാനായിട്ടില്ലെന്നും സൈന്യം വിശദമാക്കി. 

click me!