ഇനിയും ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ട; പലതും മുങ്ങിയെടുത്ത് സമയം കളയരുതെന്ന് അര്‍ജുന്‍റെ സഹോദരി അഞ്ജു

By Web Team  |  First Published Sep 22, 2024, 4:31 PM IST

ഈശ്വര്‍ മല്‍പെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചില്‍ വേണ്ടെന്നും ഡ്രഡ്ജര്‍ ഉപയോഗിക്കാനുള്ള സമയം പാഴാക്കരുതെന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു


ബെംഗളൂരു: ഷിരൂര്‍ ഇപ്പോള്‍ നടക്കുന്ന തെരച്ചിലിൽ പ്രതികരണവുമായി അര്‍ജുന്‍റെ സഹോദരി അഞ്ജു. വിവാദങ്ങള്‍ പാടില്ലെന്നും ഈശ്വര്‍ മല്‍പെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചില്‍ വേണ്ടെന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഞ്ജുവിന്‍റെ പ്രതികരണം. പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നുമാണ് ഈശ്വര്‍ മല്‍പെ അറിയിച്ചത്. 


ഒരു കാരണവശാലും ഡ്രഡ്ജിങ് നിര്‍ത്തിവെയ്ക്കേണ്ടിവരരുതെന്ന് അഞ്ജു പറഞ്ഞു. നാവികസേന മാർക്ക് ചെയ്ത് നൽകിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായ തെരച്ചിൽ വേണം. അതാണ് ഇനിയുണ്ടാകേണ്ടത്. അതിന് കൃത്യമായ ഏകോപന സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണം. ഇനിയും ഏട്ട് ദിവസം ഡ്രഡ്ജിങ് തുടരാം എന്ന ജില്ലാ ഭരണകൂടത്തിന്റെയും എംഎൽഎയുടെയും ഉറപ്പിന് നന്ദിയുണ്ട്. ഡൈവിങ് ഉപയോഗിച്ച് മനുഷ്യസാധ്യമായ തെരച്ചിൽ കൊണ്ട് ഫലം ഇല്ലാത്തതിനാൽ ആണല്ലോ ഡ്രഡ്ജർ കൊണ്ട് വന്നത്. അതിനാൽ തന്നെ ഇനിയും ഡ്രഡ്ജര്‍ ഉപയോഗിക്കാനുള്ള സമയം ഇനിയും പാഴാക്കരുത്. 

Latest Videos

വലിയ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് പല ലോഹവസ്തുക്കളും കിട്ടാമെന്നും അങ്ങനെ പലതും മുങ്ങി എടുത്ത് സമയം കളയരുതെന്നും അഞ്ജു പറഞ്ഞു. അർജുന് വേണ്ടി മാത്രമല്ല, കാണാതായ മറ്റ് രണ്ട് പേർക്ക് കൂടി വേണ്ടി കാര്യക്ഷമമായ തെരച്ചിൽ വേണമെന്നും അഞ്ജു ആവശ്യപ്പെട്ടു.യാതൊരു തരത്തിലുള്ള വിവാദങ്ങള്‍ക്കും താല്‍പര്യമില്ല. എത്രയും വേഗം അര്‍ജുന്‍റെ ട്രക്കിന്‍റെ അടുത്ത് എത്തുകയെന്നതാണ് ആഗ്രഹം.

ലഭ്യമായ സംവിധാനങ്ങള്‍ എത്രയും വേഗം ഉപയോഗിക്കണം. ജില്ല ഭരണകൂടത്തെയും പൊലീസിനെയും വിശ്വാസത്തിലെടുത്ത് തെരച്ചിൽ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹം. മല്‍പെയുടെതെന്നല്ല, ഇനിയും ഒരാളുടെയും ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ട. കൃത്യമായ സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കി നല്‍കിയിട്ടുണ്ട്. അത്തരത്തിലുള്ള തെരച്ചിലാണ് ഇനി ആവശ്യമെന്നും അഞ്ജു പറഞ്ഞു.

'അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു', ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് ഈശ്വർ മാൽപെ;അടി കൂടി ദൗത്യത്തിനില്ല

 

click me!