നാളെ നാവിക സേന ഷിരൂരിൽ എത്തുമെന്നും നേവിയുടെ സോണാർ പരിശോധനയിൽ സ്പോട്ട് ചെയ്ത സ്ഥലങ്ങൾ കേന്ദീകരിച്ച് പരിശോധന തുടരുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി
മംഗളുരു: ഈശ്വർ മാൽപെയോട് മുങ്ങൽ പരിശോധന നിർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ. ഡ്രസ്ജിംഗ് സമയത്ത് മുങ്ങരുത് എന്ന് മാത്രമാണ് പറഞ്ഞതെന്നും ഡ്രഡ്ജിംഗ് സമയത്ത് മുങ്ങിയുള്ള പരിശോധന അപകടകരമായതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ നാവിക സേന ഷിരൂരിൽ എത്തുമെന്നും നേവിയുടെ സോണാർ പരിശോധനയിൽ സ്പോട്ട് ചെയ്ത സ്ഥലങ്ങൾ കേന്ദീകരിച്ച് പരിശോധന തുടരുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി. നേവി ഡൈവർമാർ മുങ്ങി പരിശോധിക്കില്ലെന്നും ഡ്രഡ്ജിങ്ങും മുങ്ങി പരിശോധനയും ഒരുമിച്ച് കൊണ്ട് പോകാനാകില്ലെന്നും അവർ വിവരിച്ചു.
ഇന്ന് വൈകുന്നേരമാണ് ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വര്‍ മാൽപെ തെരച്ചിൽ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. മൂന്നാം ദിവസം രാവിലെ തന്നെ തെരച്ചിലിൽ ഏകോപനത്തിന്‍റെ അഭാവം പ്രകടമായിരുന്നു. നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞിരുന്നു. പിന്നീട് ഇത് ഒരു തർക്കമായി. ശേഷം ഈശ്വർ മാൽപെ ഇന്നലെ ടാങ്കര്‍ ലോറിയുടെ ക്യാബിൻ കണ്ടെത്തിയ സ്ഥലത്താണ് ഇറങ്ങി മുങ്ങിയത്. ഇതിന് ശേഷമാണ് തെരച്ചിൽ അവസാനിപ്പിക്കുന്നതായി അറിയിച്ച് മൽപെ നാട്ടിലേക്ക് മടങ്ങിയത്. അർജുന്‍റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നതായും മാൽപെ പറഞ്ഞു.
അതിനിടെ ഗംഗാവലി പുഴയോരത്ത് നിന്ന് രാത്രിയോടെ അസ്ഥി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയി. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയിൽ എം എൽ എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ് എസ് എൽ ലാബിലേക്ക് അയക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം