ഇന്ന് വൈകിട്ട് 5 മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ അൻവർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും
മലപ്പുറം: പി.വി അന്‍വറിന്‍റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള തന്നെ. ഡിഎംകെ എന്ന് ചുരുക്കെഴുത്ത് സൂചിപ്പിക്കുന്ന അൻവറിൻ്റെ ചിത്രം പതിച്ച ബോർഡുകൾ മലപ്പുറത്ത് പലയിടങ്ങളിലായി സ്ഥാപിച്ചു. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ, ലോറി ഉടമ മനാഫും അടക്കം ചരിത്ര നവോത്ഥാന നായകരുടെ ചിത്രങ്ങൾ പതിച്ച ബോർഡുകളും മഞ്ചേരിയിലെ യോഗ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് 5 മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ അൻവർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും. ഒരുലക്ഷം ആളുകളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുമെന്നാണ് പിവി അൻവർ അവകാശപ്പെടുന്നത്. പാർട്ടിയുടെ നയപരിപാടികളും സമ്മേളനത്തിൽ പ്രഖ്യാപിച്ചേക്കും. ഇന്നലെ ചെന്നൈയിൽ എത്തി ഡിഎംകെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വിവരങ്ങളും അന്‍വർ യോഗത്തിൽ പറയും. ഡിഎംകെയുമായി ധാരണയുണ്ടാക്കി ഇന്ത്യാ മുന്നണിയിലേക്ക് ചേക്കേറാനാണ് അൻവറിന്റെ കരുനീക്കം. വൈകിട്ടത്തെ പൊതുയോഗത്തിൽ സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾക്കൊപ്പം ഡിഎംകെ നേതാക്കളെ കൂടി വേദിയിലെത്തിക്കാനും അൻവർ ശ്രമിക്കുന്നുണ്ട്.