അനിശ്ചിതത്വം മാറി? അരിക്കൊമ്പനെ തുറന്ന് വിടുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് വനംമന്ത്രി; അംബാസമുദ്രം കടക്കുന്നു

By Web Team  |  First Published Jun 5, 2023, 5:03 PM IST

മദ്രാസ് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനം മന്ത്രി മതിവേന്തൻ പറയുന്നത്


കമ്പം: മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി. ഇതോടെ അരിക്കൊമ്പനെ തുറന്ന് വിടുന്നതിൽ അനിശ്ചിതത്വം നീങ്ങുകയാണ്. മന്ത്രി പറയുന്നത് പ്രകാരം ഇന്ന് തന്നെ അരിക്കൊമ്പനെ തുറന്ന് വിടാനാണ് സാധ്യത. നേരത്തെ അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എറണാകുളം സ്വദേശിയുടെ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് നിർദ്ദേശം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനം മന്ത്രി മതിവേന്തൻ പറയുന്നത്. അതുകൊണ്ടുതന്നെ ആനയെ തുറന്നുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

'നിയമം മനുഷ്യന് വേണ്ടി മാത്രം'; അരിക്കൊമ്പനെ വീണ്ടും പിടിച്ചത് വേദനാജനകമെന്ന് ജ. ദേവന്‍ രാമചന്ദ്രന്‍

Latest Videos

അതേസമയം എറണാകുളം സ്വദേശി റബേക്ക ജോസഫാണ് ആനയെ കാട്ടിൽ തുറന്ന് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഹർജി പരിഗണിച്ച കോടതി നാളെയും വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ഹർജി നാളെ പത്തരയ്ക്ക് മധുര ബെഞ്ചാകും പരിഗണിക്കുക. അതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആനയെ രാത്രി കസ്റ്റഡിയില്‍ വയ്ക്കാനാവില്ലെന്നാണ് തമിഴ്നാട് സര്‍ക്കാരിന്‍റെ നിലപാട്. ഇതിന് പിന്നാലെയാണ് ആനയെ തുറന്നുവിടുമെന്ന് വ്യക്തമാക്കി മന്ത്രിയും രംഗത്തെത്തിയത്.

അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. ശേഷം അരിക്കൊമ്പനുമായി യാത്ര തുടങ്ങിയ വാഹനം ഇപ്പോൾ അംബാസമുദ്രമെന്ന സ്ഥലത്ത് കൂടെ മുന്നോട്ട് പോകുകയാണ്. അരിക്കൊമ്പനെ മാറ്റുന്നത് തിരുനെൽവേലിയിലേക്കാണെന്നാണ് വ്യക്തമാകുന്നത്. തിരുനെൽവേലി കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനമെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

click me!