ഇടയ്ക്കിടെ നാട്ടിലിറങ്ങിയും അരി തിന്നും കറങ്ങിയ കൊമ്പൻ, നാടുകാണാതെ ഇരുപത് ദിവസമായി കാട്ടില്‍ തന്നെ തുടരുകയാണ്. തനി കാട്ടാനയായി അരിക്കൊമ്പനിത് മാറ്റത്തിന്‍റെ കാലമാണ്.
ചെന്നൈ: അരിക്കൊമ്പൻ പുതിയ സ്ഥലവുമായി നന്നായി ഇണങ്ങുന്നുവെന്ന് തമിഴ്നാട് വനം വകുപ്പ്. ചിന്നക്കനാലിൽ നിന്ന് പെരിയാറിലും കളക്കാടും കൊണ്ടുവിട്ടശേഷം ഇതാദ്യമായി ഒരാനക്കൂട്ടത്തിന് അടുത്ത് അരിക്കൊമ്പനെ കണ്ടു. നന്നായി തീറ്റയെടുക്കുന്ന കൊമ്പൻ ആരോഗ്യവാനുമാണ് എന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം.
കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ കോതയാറിൽ പുല്ലെല്ലാം തിന്ന് ഉഷാറായി നിൽക്കുന്ന അരിക്കൊമ്പന്‍റെ ദൃശ്യങ്ങളാണ് തമിഴ്നാട് വനം വകുപ്പ് ഇന്നലെ പുറത്ത് വിട്ടത്. ഇടയ്ക്കിടെ നാട്ടിലിറങ്ങിയും അരി തിന്നും കറങ്ങിയ കൊമ്പൻ, നാടുകാണാതെ ഇരുപത് ദിവസമായി കാട്ടില്‍ തന്നെ തുടരുകയാണ്. തനി കാട്ടാനയായി അരിക്കൊമ്പനിത് മാറ്റത്തിന്‍റെ കാലമാണ്.
ഇടുക്കിയിലെ ചിന്നക്കനാലിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും അരിക്കൊമ്പൻ ജനവാസമേഖലയിലെത്തുമായിരുന്നു. തീറ്റകുറയുന്ന വേനൽക്കാലം ഒന്നിടവിട്ട ദിവസം വരെ അരി തിന്നാന്‍ കൊമ്പന്‍ നാട്ടിലെത്തുമായിരുന്നു. അവിടുന്ന് മയക്കുവെടി വെച്ച് പിടികൂടി, പെരിയാറിൽ കൊണ്ടുവിട്ടപ്പോഴും അരിക്കൊമ്പന്‍, ഒരാഴ്ചയ്ക്കുള്ളിൽ നടന്നുനടന്ന് മേഘമലയിലെ എസ്റ്റേറ്റിൽ ഇറങ്ങി. നമ്മൾ വരച്ച അതിർത്തിയെല്ലാം ചാടിച്ചാടിക്കടന്ന് കുമളിയിലെ വീട്ടുമുറ്റത്തെത്തി. അവിടുന്നും നടന്ന് കമ്പത്തിറങ്ങി.
Also Read: അവശനല്ല, ആരോഗ്യവാനാണ്; അരിക്കൊമ്പന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് വനംവകുപ്പ്; മറ്റ് ആനകളും അടുത്ത്
നാടും നാട്ടുകാരും അരിക്കടകളും വിട്ടൊരു ഏർപ്പാടില്ലെന്നും സ്വഭാവം മാറ്റാൻ ഉദ്ദേശമില്ലെന്നും അരിക്കൊമ്പൻ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. എന്നാൽ കമ്പത്ത് നിന്ന് മയക്കുവെടി കൊണ്ട് തെക്കോട്ടിറങ്ങി കളക്കാടെത്തിയപ്പോൾ അരിക്കൊമ്പൻ ആകെ മാറുകയാണ്. തുമ്പിക്കൈയിലെ മുറിവും തുടർമയക്കുവെടികളും യാത്രയും കൊണ്ട് ആകെ അവശനായ കൊമ്പന്‍റെ ആരോഗ്യത്തിൽ ആശങ്കയുണ്ടായിരുന്നു. കോതയാറിന്‍റെ തീരത്ത് നിന്ന് മാറാതെ നിൽപ്പായിരുന്നു കൊമ്പന്‍. എന്നാൽ തീറ്റയെടുക്കാൻ കുഴപ്പമുണ്ടായില്ല. നാട് ലക്ഷ്യമിട്ട് നടപ്പുണ്ടായില്ല. കളക്കാടിനോട് ഇണങ്ങിയിണങ്ങി അരിക്കൊമ്പൻ അവിടുത്തെ ആളായി.
ഒറ്റയ്ക്ക് തന്നെയായിരുന്നു കൊമ്പന്‍റെ പ്രയാണം. വേറൊരു ആനക്കൂട്ടത്തോടൊപ്പം ഇരുവരം ചേർന്നിട്ടില്ല. പക്ഷേ ഏറ്റവും ഒടുവിൽ തമിഴ്നാട് വനംവകുപ്പ് നൽകുന്ന വിവരമനുസരിച്ച് അരിക്കൊമ്പനടുത്ത് മറ്റൊരു ആനക്കൂട്ടം കൂടിയുണ്ട്. അത് നല്ല ലക്ഷണമാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇണ ചേരാൻ അല്ലാതെ ഒറ്റയാൻമാർ മറ്റാനകൾക്കൊപ്പം കൂട്ടം കൂടി ജീവിക്കാൻ സാധ്യത കുറവാണ്. വേറെ കൊമ്പൻമാരുളള കൂട്ടമാണെങ്കിൽ ഏറ്റുമുട്ടലുണ്ടാകാം. ജയിക്കുന്നവർ കൂട്ടത്തിനൊപ്പം. എതിരാളികളില്ലെങ്കിൽ അരിക്കൊമ്പൻ ആനക്കൂട്ടത്തിനൊപ്പം ചേരാം. കളക്കാട് സങ്കേതത്തിൽ ഇരുപത് ദിവസത്തെ പോക്കനുസരിച്ച്, അരിക്കൊമ്പൻ സാഹചര്യങ്ങളോട് ഇണങ്ങിക്കഴിഞ്ഞെന്നാണ് വനം വകുപ്പ് ഉറപ്പിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇനിയിറങ്ങില്ലെന്നാണ് അനുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം