'വൈകിയത് ആറ് ദിവസം, പ്രചരിപ്പിച്ചത് 41 ദിവസം മുടങ്ങിയെന്ന്'; അഖിലയുടെ വാദം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി

By Web Team  |  First Published Apr 3, 2023, 2:52 PM IST

''അതിന്റെ പേരില്‍ സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.''


തിരുവനന്തപുരം: പ്രതിഷേധത്തിന്റെ പേരില്‍ വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ് നായര്‍ നടത്തിയ പ്രചരണം വസ്തുതാ വിരുദ്ധമായിരുന്നെന്ന് മന്ത്രി ആന്റണി രാജു. ആറ് ദിവസം വൈകിയപ്പോള്‍ 41 ദിവസം ശമ്പളം മുടങ്ങിയെന്ന തെറ്റായ വാര്‍ത്തയാണ് അഖില പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ശരിയല്ല. ഇതിന്റെ പേരില്‍ സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതെന്നും ആന്റണി രാജു പറഞ്ഞു. 

ആന്റണി രാജു പറഞ്ഞത്: ''വൈക്കം ഡിപ്പോയിലെ അഖില എസ് നായരെ പാലായിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത ഉത്തരവിനെ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഎംഡിയെ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അഖില നായരെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചു. പക്ഷെ ഒരു കാര്യം പറയാനുള്ളത്, അഖില ഡ്യൂട്ടി സമയത്ത് പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ വരികള്‍ വസ്തുതകള്‍ക്ക് വിരുദ്ധമായിരുന്നു. ആറ് ദിവസം വൈകിയപ്പോള്‍ 41 ദിവസം ശമ്പളം മുടങ്ങിയെന്ന തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിച്ചത്. ഒരു മാസത്തെ ശമ്പളം കൊടുക്കുന്നത് അടുത്തമാസമാണ്. അഞ്ചാം തീയതി കൊടുക്കേണ്ട ശമ്പളം 11 തീയതി ആയപ്പോഴാണ്, 41 ദിവസം മുടങ്ങിയെന്ന പ്രചരണം നടത്തിയത്. ഇത്തരം പ്രവൃത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചത് ശരിയല്ലെന്ന അഭിപ്രായമുണ്ട്. പക്ഷെ അതിന്റെ പേരില്‍ സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.'' 

ഡ്യൂട്ടിക്കിടെ 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖില നടത്തിയ പ്രതിഷേധം. ജനുവരി 11-ാം തീയതി നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസമാണ് നടപടി, സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് പറഞ്ഞ് അഖിലയെ വൈക്കത്ത് നിന്ന് പാലായിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്. 
 

Latest Videos

tags
click me!