സിപിഐ സംസ്ഥാന നേതൃ യോഗങ്ങളിൽ ആനി രാജക്കും കെഇ ഇസ്മായിലിനുമെതിരെ വിമർശനം
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജക്കെതിരെ പരോക്ഷ വിമർശനവുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന എക്സിക്യുട്ടീവിൽ മുതിർന്ന നേതാവ് കെഇ ഇസ്മായിലിനെതിരെ വിമർശനവുമായി പാർട്ടി ജില്ലാ സെക്രട്ടറിയും രംഗത്ത് വന്നു. ഇരു നേതാക്കളുടെയും അഭിപ്രായ പ്രകടനങ്ങളെ ചൊല്ലായായിരന്നു വിമർശനം.
സംസ്ഥാന വിഷയങ്ങളിൽ അഭിപ്രായം പറയുന്ന ദേശീയ നേതാക്കൾ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് മാത്രമേ അഭിപ്രായം പറയാവൂ എന്ന് പാർട്ടി ദേശീയ സെക്രട്ടറി ഡി രാജ പങ്കെടുത്ത യോഗത്തിൽ ബിനോയ് വിശ്വം നിലപാടെടുത്തു. ദേശീയ എക്സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
പിന്നാലെയാണ് കെ ഇ ഇസ്മയിലിനെതിരെ സംസ്ഥാന എക്‌സിക്യുട്ടീവിൽ രൂക്ഷമായ വിമർശനം ഉയർന്നത്. പാർട്ടി ചട്ടക്കൂടിൽ കെഇ ഇസ്മയിൽ പ്രവർത്തിക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് ആവശ്യപ്പെട്ടു. ഇസ്മായിൽ വിഭാഗീയ പ്രവർത്തനം തുടങ്ങിയത് ഇപ്പോഴല്ലെന്നും സികെ ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായ കാലത്ത് തന്നെ തുടങ്ങിയതാണെന്നും അദ്ദഹം പറഞ്ഞു. അന്ന് പാർട്ടി ഇസ്മായിലിനെ തിരുത്താൻ തയ്യാറാകാത്തതിൻ്റെ അനന്തര ഫലമാണ് സേവ് സിപിഐ ഫോറമെന്നും അദ്ദേഹം വിമർശിച്ചു.