യുവതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണത്തിലാണ് രതീഷ് അടക്കം മൂന്ന് പേർ പിടിയിലായത്. അതേസമയം, അവയവക്കടത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് തന്നെ അവയവ കച്ചവടത്തിനിരയാക്കാൻ ശ്രമിച്ചെന്ന് കടയ്ക്കാവൂരിൽ പരാതി നൽകിയ യുവതി. അവയവക്കടത്ത് സംഘത്തിലെ കണ്ണിയായ രതീഷ് ഭീഷണിപ്പെടുത്തിയെന്നും ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും കാട്ടിയാണ് യുവതി പരാതി നൽകുന്നത്. എന്നാൽ കാഴ്ചപരിമിതിയുള്ള യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് അവയവക്കടത്തിനെ കുറിച്ച് പൊലീസ് അറിയുന്നത്. പൊലീസ് അന്വേഷണത്തിൽ രതീഷ് അടക്കം മൂന്ന് പേർ പിടിയിലായി. അതേസമയം, അവയവക്കടത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
രതീഷിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടനിലക്കാരായ മലപ്പുറം വളാഞ്ചേരി സ്വദേശികളായ നജുമുദ്ധീൻ, ശശി എന്നിവരെ പൊലീസ് പിടികൂടിയത്. അവയവക്കടത്ത് സംഘത്തിന്റെ പ്രവർത്തനരീതി എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് പരാതിക്കാരി. പരിചയക്കാരനായ രതീഷ്, വിദേശത്ത് ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് കൊച്ചിയിലേക്ക് കൂട്ടികൊണ്ടുപോയതെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജോലിക്ക് മുമ്പായുള്ള പരിശോധനകൾ എന്ന് പറഞ്ഞാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഹോം നഴ്സാണെന്ന് ഡോക്ടറോട് പറയണമെന്ന് ചട്ടം കെട്ടിയെന്നും പരാതിക്കാരി പറയുന്നു. പരിശോധനയിൽ യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു. ചികിത്സ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതിനിടയിൽ തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ യുവതി പിന്നെ കൂടെ ചെല്ലാൻ തയ്യാറായില്ല. ഇതോടെ ഭീഷണിയായി. എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നും പരാതിക്കാരി പറയുന്നു.
യുവതി നൽകിയ പരാതിയിൽ വര്‍ക്കല എഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണമാണ് അവയവക്കടത്ത് മാഫിയയിലേക്ക് എത്തിയത്. രതീഷ് അടക്കം15 പേർ കിഡ്നി നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ചു വരികയാണ്. പിടിയിലായ മൂന്ന് പേരും ഇപ്പോൾ റിമാൻഡിലാണ്. സംഘത്തിലെ കൂടുതൽ കണ്ണികളെ കടത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പൊലീസ്.
ഹേമ കമ്മിറ്റി റിപ്പോർട്ട്; ക്രിമിനൽ നടപടിയുണ്ടാവുമോ?ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
https://www.youtube.com/watch?v=Ko18SgceYX8