ആമയിഴഞ്ചാൻ തോട് റെയിൽവേ ടണൽ ശുചീകരണം; 63 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

By Web Team  |  First Published Aug 24, 2024, 8:09 PM IST

റെയിൽവേയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല.  


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാൻ തോട് റെയിൽവേ ടണൽ ശുചീകരണത്തിന് സർക്കാർ പണം മുടക്കും. ശുചീകരണത്തിനായി 63 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. റെയിൽവേയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല.

തിരുവനന്തപുരത്തെ വെള്ളപൊക്കം നിവാരണ ഇനത്തിൽപ്പെടുത്തിയാണ് പണം മുടക്കുക. ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ തീരുമാനമെടുത്തത്.

Latest Videos

undefined

കഴിഞ്ഞ മാസം, ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു. ആമയിഴഞ്ചാന്‍ തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

അതുപോലെ തന്നെ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല സ്‌ക്വാഡ് പ്രവർത്തനം തുടങ്ങിയിരുന്നു. ജൂലൈ 18 മുതല്‍ 23 വരെ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1.42 ലക്ഷം രൂപ പിഴയും ഈടാക്കിയിരുന്നു. 65 പേര്‍ക്ക് നോട്ടീസ് നല്‍കി. തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടിയെന്നും മറ്റൊരു സ്ഥാപനത്തിനെതിരെ പ്രൊസിക്യൂഷന്‍ നടപടി തുടങ്ങിയെന്നും നഗരസഭയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറിയാണ് ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ചത്.

click me!