'ഔചിത്യമില്ല', സംസ്കാരത്തിന് മന്ത്രി രാജീവോ കളക്ടറോ പോലും എത്തിയില്ല; പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്

By Web Team  |  First Published Jul 30, 2023, 5:18 PM IST

നാളെ ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും കോൺഗ്രസ്


കൊച്ചി: ആലുവയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി കോൺഗ്രസ് രംഗത്ത്. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്കും നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു.

സർക്കാർ കേരളത്തിൽ മദ്യം ഒഴുകുകയാണെന്നും ലഹരിയിൽ നിന്നും മോചനം ഇല്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ആലുവയിൽ കുട്ടിയെ കാണാതായത് മുതൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയവീഴ്ചയാണെന്നും ഡി സി സി പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

Latest Videos

അസഫാഖിനെ ജയിലിലടച്ചു; മറ്റാർക്കെങ്കിലും പങ്കുണ്ടോ? അന്വേഷണം ബിഹാറിലേക്ക് നീളുമോ? ആവശ്യമെങ്കിൽ പോകുമെന്ന് ഡിഐജി

അതേസമയം ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിലടക്കം അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നും ഡി ഐ ജി ശ്രീനിവാസ് പറഞ്ഞു. പ്രതി ബീഹാർ സ്വദേശിയാണെന്നും ആവശ്യമെങ്കിൽ ബീഹാറിൽ പോയി അന്വേഷിക്കുമെന്നും ഡി ഐ ജി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബീഹാറിൽ അസഫാഖ് ആലത്തിന്‍റെ പേരിൽ കേസുകളുള്ളതായി വിവരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ കൂടുതൽ സാക്ഷികളെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ഡി ഐ ജി ശ്രീനിവാസ് വിവരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
 

click me!