ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ പിടിയിലായ മൂന്നു പേരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി.
കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി പിടിയിൽ. മുബാറക്, സിറാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ പിടിയിലായ മൂന്നു പേരുടെ അറസ്റ്റും രേഖപ്പെടുത്തി.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള ഫൈസല്‍ ബാബു, സിറാജ്, സനീര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് വൈകിട്ടോടെ രേഖപ്പെടുത്തിയത്. ഇവരില്‍ ഫൈസല്‍ ബാബുവാണ് ഒന്നാം പ്രതി. വടിവാളും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സുലൈമാൻ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. വെട്ടേറ്റ സിദ്ദിഖിന്‍റെ നിലയും ഗുരുതരമാണ്. മറ്റു നാല് പേരും ആശുപത്രി വിട്ടു.
നാട്ടിൽ ചിലർക്കിടയിൽ ഉണ്ടായ ചെറിയ പ്രശ്നം, പൊലീസ് ഇടപെട്ടിട്ടും പറഞ്ഞു തീർത്തിട്ടും ഒരു വിഭാഗത്തിനു മാത്രം കലിയടങ്ങിയിരുന്നില്ല. ഇതാണ് ഒടുവിൽ അതിക്രൂരമായ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എല്ലാം ആസൂത്രിതമായിട്ടാണ് നടത്തിയത്. ജില്ലയ്ക്ക് പുറത്തു നിന്നാണ് അക്രമികള്‍ എത്തിയത്.
ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞതോടെ പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സഹായകമായി. മാരകായുധങ്ങളുമായി കാറിൽ നിന്ന് ഇറങ്ങിയവർ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വാളുകൊണ്ടുള്ള വെട്ടേറ്റു പലരും ചിതറി ഓടി, ചിലരെ ചുറ്റികകൊണ്ടു അടിച്ചു. സുലൈമാനെ ലക്ഷ്യംവച്ച് കാറിനടുത്ത് എത്തിയവർ ആദ്യം കാറിന്‍റെ ചില്ലുതകർത്തു. സുലൈമാനെ ക്രൂരമായി ആക്രമിച്ചു.
രാത്രി തന്നെ അന്വേഷണം തുടങ്ങിയ പൊലീസ് ഫൈസൽ ബാബു, സിറാജ്, സനീർ എന്നിവരെ രാത്രി തന്നെ പിടികൂടി. കഴിഞ്ഞമാസം സ്ഥലത്ത് ഉണ്ടായ ചെറിയ തർക്കത്തിൽ ഫൈസൽ ബാബുവും ഉൾപ്പെട്ടിരുന്നു എന്നും അതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും സ്ഥലം സന്ദർശിച്ച ശേഷം എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു.