കാസർകോട് പാലായിയിലെ ‌ഊരുവിലക്ക് ആരോപണം; 3 പരാതികളിൽ 9 പേർക്കെതിരെ കേസ്

By Web Team  |  First Published Mar 27, 2024, 8:38 AM IST

പറമ്പിൽ അതിക്രമിച്ച് കടക്കൽ, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ, കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. 


കാസർകോ‍ട്: കാസർകോട് പാലായിയിലെ ഊരുവിലക്കിൽ, പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ മൂന്ന് പരാതികളിലായി ഒൻപത് പേർക്കെതിരെ കേസ്. രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്. സ്ഥലം ഉടമ എം കെ രാധയുടെ കൊച്ചുമകൾ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവർ നൽകിയ പരാതികളിൽ 8 പേർക്കെതിരെയും അയൽവാസി ലളിത നൽകിയ പരാതിയിൽ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.

പറമ്പിൽ അതിക്രമിച്ച് കടക്കൽ, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ, കൈയേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. അനന്യയുടെ പരാതിയിൽ സിപിഎം പാലായി തായൽ ബ്രാഞ്ച് അംഗം വി വി ഉദയൻ,  പാലായി സെൻട്രൽ ബ്രാഞ്ച് അംഗം പത്മനാഭൻ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി പടന്നക്കാട് കുറുന്തൂരിലെ കെ ഷാജിയുടെ പരാതിയിൽ വി വി ഉദയൻ, കുഞ്ഞമ്പു എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കെതിരെയും ആണ് കേസ്.
 
പ്രദേശവാസിയായ കെ വി ലളിത നൽകിയ പരാതിയിൽ തെങ്ങുകയറ്റ തൊഴിലാളി ഷാജിക്കെതിരെയും കേസുണ്ട്. ലളിതയേയും കൂടെയുണ്ടായിരുന്ന പുഷ്പയേയും ഷാജി അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് കയ്യൂര്‍ സമര സേനാനി ഏലിച്ചി കണ്ണന്‍റെ കൊച്ചുമകൾ രാധ, മകൾ ബിന്ദു, കൊച്ചുമകൾ അനന്യ എന്നിവർക്ക് നേരെ അതിക്രമം ഉണ്ടായത്. പാലായി ഷട്ടര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട അപ്രോച്ച് റോഡിന്‍റെ സ്ഥലം ഏറ്റെടുപ്പുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് എട്ട് വര്‍ഷത്തോളമായി സിപിഎമ്മിന്‍റെ ഊരുവിലക്കാണെന്നാണ് ഈ പാര്‍ട്ടി കുടുംബം പറയുന്നത്. എന്നാൽ ഒരു വിലക്കും ഇല്ലെന്നാണ് സിപിഎം വിശദീകരണം.  

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!