ഇന്നലെ രാത്രി പത്ത് മണിക്ക് ആലപ്പുഴയിലെ കളര്‍കോട് ജംഗ്ഷനിൽ വെച്ചാണ് സംഭവം. ശബരിമലയിൽ നിന്ന് മടങ്ങിയ മലപ്പുറം സ്വദേശികളായ 39 സംഘത്തിന് നേരെയായിരുന്നു ആക്രമണം
ആലപ്പുഴ: അയ്യപ്പസംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇരവുക്ട് സ്വദേശി അർജുൻ കൃഷ്ണയാണ് പിടിയിലായത്. അർജ്ജുന്റെ ബൈക്കിലിരുന്നതിനാണ് പെൺകുട്ടിയെ തള്ളി താഴെയിട്ടത്. തന്റെ ബൈക്കിൽ കുട്ടിയിരുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അർജുൻ പൊലീസിനോട് പറഞ്ഞു.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടക സംഘത്തിന് നേരെ ഇന്നലെയാണ് ആലപ്പുഴ കളര്‍കോട് വെച്ച് ആക്രമണം ഉണ്ടായത്. ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. സംഘത്തിലെ ഒൻപത് വയസുകാരിയുടെ കൈക്ക് പരിക്കേറ്റിരുന്നു. യുവാവിനൊപ്പം ടിവി റിയാലിറ്റി ഷോയിലെ താരമായ യുവതിയും ഉണ്ടായിരുന്നുവെന്നും അയ്യപ്പ ഭക്തര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇന്നലെ രാത്രി പത്ത് മണിക്ക് ആലപ്പുഴയിലെ കളര്‍കോട് ജംഗ്ഷനിൽ വെച്ചാണ് സംഭവം. മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ കൊട്ടേപ്പാടം സ്വദേശികളായ അയ്യപ്പഭക്തര്‍, ശബരി മല സന്ദർശനം കഴിഞ്ഞ് തിരികെ വരുകയായിരുന്നു. സംഘത്തില്‍ 9 കുട്ടികളടക്കം 39 പേരുണ്ടായിരുന്നു. ഇവർ ചായ കുടിക്കാന്‍ കളര്‍കോട് ജംഗഷനിൽ ഇറങ്ങി.
ഈ സമയം ഹോട്ടലിന് മുന്നിൽ ഒരു ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നു. ഇതിന് സമീപത്ത് നിന്ന് സംഘത്തിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികൾ മൊബൈല്‍ ഫോണിൽ ഫോട്ടെയെടുത്തു. തൊട്ടടുത്ത് നിൽക്കുകയായിരുന്ന പ്രതി അർജുൻ കൃഷ്ണ പ്രകോപിതനായി. ഇയാൾ ഫോട്ടോയെടുത്ത പെൺകുട്ടികളിൽ ഒരാളായ വൃന്ദാവന എന്ന 9 വയസ്സുകാരിയെ തള്ളി താഴെയിട്ടു. തന്‍റെയും കൂടെയുണ്ടായിരുന്ന യുവതിയുടെയും ഫോട്ടോ എടുത്തു എന്ന് പറഞ്ഞായിരുന്നു അക്രമം. പെണ്‍കുട്ടിയുടെ കൈക്ക് പരിക്കേറ്റു.
ഇതോടെ അയ്യപ്പ സംഘത്തിലുള്ളവരും യുവാവും തമ്മിൽ വാക്കേറ്റമായി. മടങ്ങിപ്പോയ യുവാവ് കൈക്കോടാലി കൊണ്ടുവന്ന് അക്രമം അഴിച്ചു വിടുകയായിരുന്നു. ബസ്സിന്‍റെ വാതിൽ, ചില്ല് എന്നിവ യുവാവ് കോടാലി കൊണ്ട് അടിച്ചു തകർത്തു. യുവാവിനൊപ്പമുണ്ടായിരുന്ന യുവതി ടിവി റിയാലിറ്റി ഷോ താരമാണെന്ന് സംഘം പൊലീസിന് മൊഴി നല്‍കി. യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടിലെ ഫോട്ടോകള്‍ പരിശോധിച്ച സംഘം യുവാവിനെ തിരിച്ചറഞ്ഞു. ഇവരുട ഫോട്ടോകളടക്കം പൊലീസിന് കൈമാറുകയും ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തിൽ കേസെടുത്തത്.