സ്വന്തം റേഞ്ചിൽ കലോത്സവം നടക്കുമ്പോൾ എങ്ങനെ വരാതിരിക്കാനാകും? ഒപ്പന കാണാനും കലാകാരികളെ അഭിനന്ദിക്കാനും അജിതാ ബീഗം ഐപിഎസെത്തി.
തിരുവനന്തപുരം: അണിഞ്ഞൊരുങ്ങിയ ഒപ്പനക്കാരികളെ കാണാൻ യൂണിഫോമിൽ ഒരു ബീഗമെത്തി. ഒപ്പന അത്ര വശമില്ലെങ്കിലും, സുന്ദരിമാർക്കൊപ്പം ഒരു പാട്ടും പാടിയാണ് ആ ബീഗം മടങ്ങിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം ഐപിഎസാണ് ഒപ്പന വേദിയിലെ അപ്രതീക്ഷിത അതിഥി.
കോയമ്പത്തൂർകാരിയാണ്, ഒപ്പന അത്ര കണ്ട് പരിചയമൊന്നുമില്ല. പക്ഷെ സ്വന്തം റേഞ്ചിൽ കലോത്സവം നടക്കുമ്പോൾ എങ്ങനെ വരാതിരിക്കാനാകും? അണിഞ്ഞൊരുങ്ങിയ മിടുക്കികളെ കാണാനും സംസാരിക്കാനും ഡിഐജി എത്തി. ചെറുപ്പത്തിൽ സ്പോർട്സായിരുന്നു മെയ്ൻ എന്ന് ഡിഐജി പറയുന്നു. ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് മത്സരങ്ങളിലൊക്കെ ഉണ്ടായിരുന്നു. കലയിൽ അങ്ങനെ കൈവച്ചിട്ടില്ല. കുറച്ച് ഡാൻസൊക്കെ ചെയ്യുമായിരുന്നു. പക്ഷെ ക്ലാസിക്കലായി പഠിച്ചിട്ടൊന്നുമില്ലെന്ന് ഡിഐജി പറഞ്ഞു.
ബോർഡ് എക്സാമിന്‍റെ സമയമല്ലേ കളിക്കാതെ പഠിക്കാൻ അമ്മ പറയാറുണ്ടോയെന്ന് കുട്ടികളോട് ഡിഐജി ചോദിച്ചു. പഠിക്കുന്നതിനൊപ്പമാണ് ഒപ്പന പരിശീലനമെന്ന് കുട്ടികളുടെ മറുപടി. അതുവേണം എന്ന് ഡിഐജിയും ശരിവച്ചു.
പിന്നെ തനി പൊലീസായി. കലോത്സവത്തിന് എത്തുന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ടെന്ന് ഡിഐജി വ്യക്തമാക്കി. ആശംസകൾ നേർന്നും അഭിനന്ദിച്ചും മടങ്ങാൻ നേരം പക്ഷെ ഉള്ളിലെ കലാകാരി ഉണർന്നു. കുട്ടികൾക്കൊപ്പം ഒരു പാട്ട്. അല്ലെങ്കിലും കലോത്സവ വേദിയിലെത്തിയാൽ കല മസ്റ്റല്ലേ.