രാത്രി 7.15നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതുവരെ പുറപ്പെട്ടിട്ടില്ല. ആദ്യം അറിയിച്ചിരുന്നത് ഒരു മണിക്കൂർ മാത്രം വൈകുമെന്ന വിവരം.
കണ്ണൂർ: കണ്ണൂരിൽ നിന്ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. രാത്രി 7.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. യാത്രക്കാർ കണ്ണൂർ വിമാനത്താവളത്തിൽ രാത്രി വൈകിയും പ്രതിഷേധിക്കുകയാണ്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും ഉടൻ പരിഹരിച്ച ശേഷം യാത്ര പുറപ്പെടുമെന്നുമാണ് ആദ്യം അധികൃതർ പറഞ്ഞിരുന്നത്.
ആദ്യം വിമാനം ഒരു മണിക്കൂർ മാത്രം വൈകുമെന്നാണ് യാത്രക്കാരെ അറിയിച്ചിരുന്നത്. എട്ട് മണിയോടെ പുറപ്പെടുമെന്നും അറിയിച്ചിരുന്നു. പിന്നീടും വിമാനം പുറപ്പെടാതിരുന്നതോടെ കൃത്യമായ വിശദീകരണം അധികൃതരുടെ ഭാഗത്തു നിന്നും യാത്രക്കാർക്ക് ലഭിക്കുന്നില്ല. യാത്രക്കാരുടെ അസ്വസ്ഥത പ്രതിഷേധത്തിലേക്ക് എത്തി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് ആളുകളോട് സംസാരിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്.
undefined
വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ എത്തി ആളുകളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്. നാളെ ജോലിക്ക് പ്രവേശിക്കേണ്ടവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. കൃത്യമായ വിശദീകരണമോ എപ്പോൾ പുറപ്പെടാനാവുമെന്നത് സംബന്ധിച്ചുള്ള വിവരമോ വിമാനക്കമ്പനി യാത്രക്കാർക്ക് നൽകുന്നുമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം