'പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു, പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം'; പി രാജീവ്

By Web Team  |  First Published May 5, 2023, 2:57 PM IST

പുറത്ത് വന്നത് അപ്രധാനമായ രേഖകള്‍ മാത്രമാണ്. പ്രകാശ് ബാബുവിന്‍റെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് പ്രസാഡിയോ പണം നൽകാനുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്ത് വന്നതെന്നും മന്ത്രി പരിഹസിച്ചു.


തിരുവനന്തപുരം: റോഡിലെ ക്യാമറ വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി വ്യവസായ മന്ത്രി പി രാജീവ്. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് വിമര്‍ശിച്ച പി രാജീവ്, ഏത് അന്വേഷണവും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറെന്നും മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വിശദീകരണം നല്‍കാമെന്നും രേഖകള്‍ കെല്‍ട്രോണ്‍ പുറത്തുവിട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

റോ‍ഡിലെ കാമറ വിവാദത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുള്ള ബന്ധത്തിന് തെളിവെന്തെന്ന് വ്യവസായ മന്ത്രി ചോദിച്ചു. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണ് ഉള്ളത്. പുറത്ത് വന്നത് അപ്രധാനമായ രേഖകള്‍ മാത്രമാണ്. പ്രകാശ് ബാബുവിന്‍റെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ചതിന് പ്രസാഡിയോ പണം നൽകാനുണ്ടെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്ത് വന്നതെന്നും മന്ത്രി പരിഹസിച്ചു. ഈ ബന്ധം വച്ച് മുഖ്യമന്ത്രി എന്ത് പ്രതികരിക്കാനാണെന്നും പി രാജീവ് തിരുവനന്തപുരത്ത് ചോദിച്ചു. സൂം മീറ്റിംഗില്‍ പങ്കെടുത്തതിന് രേഖയുണ്ടെങ്കില്‍ ഹാജരാക്കട്ടെ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Videos

റോഡ് ക്യാമറ പദ്ധതി വിവാദത്തിൽ മൗനത്തിലായ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും രംഗത്തെത്തി. വിവാദത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്ന് എ കെ ബാലൻ പറഞ്ഞു. ബാലൻ ആളുകളെ പൊട്ടന്മാരാക്കരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു 

click me!