സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിച്ച ശേഷമായിരുന്നു യാത്ര.
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തിൽ. ഓസ്ട്രേലിയയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കുടുംബ സമേതം യാത്രയായത്. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഓസ്ട്രേലിയക്ക് പോയത്. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിച്ച ശേഷമായിരുന്നു യാത്ര.
ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് എംവി ഗോവിന്ദൻ പങ്കെടുക്കുന്നത്. സിഡ്നി, മെൽബൺ, ബ്രിസ്ബെൻ, പെര്‍ത്ത് എന്നിവിടങ്ങിളിൽ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് തൊട്ട് പിന്നാലെ അമേരിക്കയടക്കം വിദേശ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും നടപടി പാര്‍ട്ടിക്കകത്തും പുറത്തും വലിയ തോതിൽ വിമര്‍ശിക്കപ്പെട്ടിരുന്നു.
യെച്ചൂരിക്ക് പിൻഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകൾ പാര്‍ട്ടിയിൽ സജീവമാണ്. ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ആര്‍ക്ക് നൽകുമെന്നത് അടക്കം നിര്‍ണായക ചര്‍ച്ചകൾക്കിടെയാണ് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കേരളത്തിൽ നിന്നുള്ള പിബി അംഗം കൂടിയായ എംവി ഗോവിന്ദന്‍റെ വിദേശ സന്ദര്‍ശനം. യെച്ചൂരിയുടെ മരണത്തിൽ ദുഖാചരണം കഴിഞ്ഞാണ് പോയതെന്നും പാര്‍ട്ടി പരിപാടിയിൽ പങ്കെടുക്കാനായത് കൊണ്ട് അതിൽ വിമര്‍ശനത്തിന് പ്രസക്തി ഇല്ലെന്നും ആണ് സിപിഎം വിശദീകരണം.