ഡ്യൂട്ടിലുണ്ടായിരുന്ന അസി. സർജൻ ഡോ. വിനീത് ഇവരെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നിടത്തേക്ക് ക്ഷണിച്ചു. പുറത്തെ ചെറിയ മുഴ നീക്കം ചെയ്യാൻ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
പത്തനംതിട്ട: നിർധനയായ വീട്ടമ്മയോട് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജൻ ഡോ. എസ്. വിനീതിനെയാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
പച്ചയ്ക്ക് കൈക്കൂലി ചോദിച്ച സർക്കാർ ഡോക്ടറെ തേടിയെത്തിയത് ഒടുവിൽ സസ്പെൻഷൻ. അടൂർ സ്വദേശിനിയായ ഭിന്നശേഷിക്കാരി വിജയശ്രീയാണ്, സഹോദരിയുമായി കഴിഞ്ഞ മാസം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ഡ്യൂട്ടിലുണ്ടായിരുന്ന അസി. സർജൻ ഡോ. വിനീത് ഇവരെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നിടത്തേക്ക് ക്ഷണിച്ചു. പുറത്തെ ചെറിയ മുഴ നീക്കം ചെയ്യാൻ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
undefined
ശബ്ദരേഖയടക്കം തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ യുവജന പ്രതിഷേധം ഇരമ്പി. ഇടതു സംഘടനകൾ പോലും കടുത്ത നടപടി ആവശ്യപ്പെട്ടു. ഡോക്ടർ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് ഡിഎംഒ ഇന്നലെ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയിരുന്നു. അത് പരിഗണിച്ചാണ് സസ്പെൻഷൻ. കഴിഞ്ഞ മാസം 25 ആം തീയതി ശബ്ദരേഖയടക്കം പരാതി ലഭിച്ചിട്ടും അനങ്ങാതിരുന്ന ആശുപത്രി സൂപ്രണ്ട് ഡോ. ജെ. മണികഠ്നെതിരെയും ഡിഎംഒയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്. അതിലും വകുപ്പ് തല നടപടി ഉണ്ടാകുമെന്നാണ് വിവരം.