എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അതേസമയം, നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതിൽ തീരുമാനമായില്ല.
കണ്ണൂര്‍: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ ഹാജരാകണമെന്ന് ജാമ്യം നൽകിയപ്പോൾ കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്ത് ദിവസത്തെ റിമാൻഡ് തടവിനു ശേഷം ദിവ്യ ജയിൽ മോചിതയായത്.
കേസിൽ നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതിൽ പ്രത്യേക അന്വേഷണ സംഘം ഇനിയും തീരുമാനം എടുത്തിട്ടില്ല. കമ്മീഷണറുടെ നേതൃത്വത്തിൽ പുതിയ സംഘം വന്ന ശേഷം ജില്ലാ കളക്ടറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുക്കാൻ തീരുമാനം എടുത്തെങ്കിലും അതും രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, ദിവ്യയുടേത് സദുദേശ പ്രസ്താവനയെന്നും യാത്രയയപ്പ് യോഗത്തിലെ ചില അവസാന വാചകങ്ങളാണ് തെറ്റായിപ്പോയതെന്നുമുള്ള നിലപാട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവർത്തിച്ചു. നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണ് പാർട്ടി എന്നത് കൊണ്ടാണ് താൻ പത്തനംതിട്ട വരെ മൃതദേഹത്തെ അനുഗമിച്ചതെന്നും അഞ്ചരക്കണ്ടി ഏരിയ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.
എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ, നിജസ്ഥിതി നാടറിയണം: എംവി ജയരാജൻ