യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്‍റെ ആത്മഹത്യ.
കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു മരിച്ചിട്ട് ഇന്നേക്ക് ഒരുമാസം. യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്‍റെ ആത്മഹത്യ. പി പി ദിവ്യ ഏക പ്രതിയായ കേസിലെ ദുരൂഹതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിൽ വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങൾ മാത്രം. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകൾ. കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
undefined
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിറകെയായിരുന്നു നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണവുമായി പെട്രോൾ പമ്പ് അപേക്ഷകന്‍റെ രംഗപ്രവേശം. മുഖ്യമന്ത്രിക്ക് നൽകിയതെന്നു പറയപ്പെടുന്ന പരാതിയും പുറത്ത്. പിന്നാലെ പി പി ദിവ്യക്കെതിരെ കേരളമാകെ പ്രതിഷേധം ഇരമ്പി. ദിവ്യയെ ചൊല്ലി കണ്ണൂരിലേയും പത്തനംതിട്ടയിലേയും പാർട്ടി രണ്ട് തട്ടിലായി. ദിവ്യക്കെതിരെ നവീൻബാബുവിന്റെ സഹോദരൻ പരാതി നൽകി. നവീൻ ബാബുവിന്‍റെ മരണത്തിന് മൂന്നാം നാളാണ് പിപി ദിവ്യയെ പൊലീസ് പ്രതി ചേർത്തത്. ആത്മഹത്യാ പ്രേരണകുറ്റവും ചുമത്തി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി. പാർട്ടി രാജി ചോദിച്ച് വാങ്ങി.
തെറ്റ് ചെയ്തില്ലെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നെന്നും വ്യക്തമാക്കി കൊണ്ടായിരുന്ന ദിവ്യയുടെ മുൻകൂർ ജ്യാമ്യ ഹർജി. 12 നാൾ തൊട്ടടുത്ത് ഉണ്ടായിട്ടും പൊലീസ് അറങ്ങിയില്ല. ഇതിനിടെ, യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടർ വ്യക്തമാക്കി. പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി. പ്രശാന്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതി വ്യാജമെന്ന് തെളിയിക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. പൊതുവേദിയിൽ മുഖ്യമന്ത്രിയും ദിവ്യയെ തള്ളിപ്പറഞ്ഞു. 29 ന് ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. 12 ദിവസത്തിന് ശേഷമാണ് ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട്, സ്ഥിരം ജാമ്യം ലഭിച്ചതോടെ ദിവ്യ ജയില്‍ മോചിതയായി. ജില്ലാ കമ്മിറ്റി അംഗമായി ജയിലിനകത്തെത്തിയ ദിവ്യക്ക് വെറും പാർട്ടി അംഗം മാത്രമായി തിറിച്ചിറക്കം.
എഡിഎമ്മിന്റെ മരണത്തിന് ഒരു മാസം പിന്നിടുമ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. 14 ന് രാത്രി മുനീശ്വരൻ കാവിന് മുന്നിൽ ഇറങ്ങിയ നവീൻ എങ്ങോട്ട് പോയി? പുലർച്ചെവരെ എന്ത് ചെയ്തു? പരിയാരം മെഡിക്കൽ കോളേജിൽ എലക്ട്രിക്കൽ ഹെൽപ്പർമാത്രമായ പ്രശാന്തന് പമ്പ് തുടങ്ങാനുള്ള പണം എവിടുന്ന് കിട്ടി? പിന്നിൽ ബിനാമി ഇടപാടോ.? പ്രശാന്തനായി ദിവ്യ ഇടപെട്ടത് എന്തിന് വേണ്ടി.? പ്രശാന്തന്റെ പേരിൽ വന്ന പരാതി ആര് തയ്യാറാക്കി? യാത്രഅയപ്പു വേദിയിൽ ദിവ്യ എത്തുന്നത് കളക്ടർക്ക് നേരത്തെ അറിയാമായിരുന്നോ.? റവന്യൂ വകുപ്പ് അന്വേഷണത്തിൽ തുടർ നടപടി ഇല്ലാത്തതെന്ത്? തെളിയാൻ ഇനിയും ഏറെയുണ്ട്.