വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

By Web TeamFirst Published Sep 7, 2024, 9:25 PM IST
Highlights

സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാള്‍ മുമ്പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിൽ. സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാള്‍ മുമ്പ് നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പ് അവധിക്ക് അനുമതി നല്‍കിയത്. നാലു ദിവസത്തേക്കാണ് അവധിയിൽ പ്രവേശിച്ചത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെയാണ് നാലു ദിവസത്തേ അവധി.

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.  ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്  ആണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. എന്നാല്‍, സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താതെയാണ് സര്‍ക്കാര്‍  അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

Latest Videos

എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്. ഇതിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇതിനിടെയാണിപ്പോള്‍ അജിത്ത് കുമാര്‍ നാലു ദിവസത്തേ അവധിയില്‍ പ്രവേശിക്കുന്നത്.

ഇതിനിടെ, പൊലീസ് ഉന്നതരുമായും ഹേമ കമ്മിറ്റിയുമായും ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ ഇന്ന് രാത്രി  നിർണായക കൂടിക്കാഴ്ചയും നടന്നു. ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായക കൂടിക്കാഴ്ചയുണ്ടായത്.

ക്രൈംബാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെയും മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസ് ക്രൈംബ്രാഞ്ച് എഡിജിപിയുമായി മുഖ്യമന്ത്രി ചർച്ച ചെയ്തു. എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു.ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എഡിജിപി എം. ആർ അജിത് കുമാറിനെ നീക്കണമെന്ന ആവശ്യത്തിന് സര്‍ക്കാരിലും ഇടതുമുന്നണിയിലും പിന്തുണയേറുകയാണ്. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നാണ് ആവശ്യം. 

ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപിയെ വിളിപ്പിച്ച് പിണറായി

എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവിനെയും കണ്ടു; ചർച്ച നടന്നത് കോവളത്തെ ഹോട്ടലിൽ

 

click me!