എഡിജിപി എംആര്‍ അജിത് കുമാര്‍ അവധി നേരത്തെയാക്കാൻ സാധ്യത; നാളെ അപേക്ഷ നല്‍കിയേക്കും

By Web Team  |  First Published Sep 8, 2024, 4:48 PM IST

അവധി നേരത്തെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.


തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ അവധി നേരത്തെയാക്കാൻ സാധ്യത. ഈ മാസം 14 മുതല്‍ നാലു ദിവസത്തേക്കാണ് നിലവില്‍ അവധി അനുവദിച്ചിരിക്കുന്നതെങ്കിലും ആരോപണങ്ങളും നിലവിലെ വിവാദങ്ങളും തുടരുന്ന പശ്ചാത്തലത്തിലും അന്വേഷണം നടക്കുന്നതിനാലും നേരത്തെ തന്നെ അവധി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

അവധി നേരത്തെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനാൽ മാറ്റി നിര്‍ത്തികൊണ്ട് അന്വേഷണം നടത്തണമെന്നാണ് അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ നാളെ ഇതുസംബന്ധിച്ച അപേക്ഷ നല്‍കിയേക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ അജിത് കുമാര്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അവധിയിൽ പ്രവേശിക്കാനും സാധ്യതയേറി.

Latest Videos

undefined

സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാള്‍ മുമ്പ് നല്‍കിയ അപേക്ഷയിലാണ് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് നാലു ദിവസത്തെ അവധിക്ക് അനുമതി നല്‍കിയത്. സെപ്റ്റംബര്‍ 14 മുതല്‍ 17വരെയാണ് നാലു ദിവസത്തേ അവധി.എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.  ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്  ആണ് ആരോപണങ്ങൾ അന്വേഷിക്കുന്നത്.

ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എം.ആർ അജിത് കുമാർ വ്യക്തമാക്കിയത്. എന്നാല്‍, സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്താതെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്. ഇതിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇതിനിടെയാണിപ്പോള്‍ അജിത്ത് കുമാര്‍ അവധിയില്‍ പ്രവേശിക്കുന്നത്. ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എഡിജിപി എം. ആർ അജിത് കുമാറിനെ നീക്കണമെന്ന ആവശ്യത്തിന് സര്‍ക്കാരിലും ഇടതുമുന്നണിയിലും പിന്തുണയേറുകയാണ്. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നാണ് ആവശ്യം. 

അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ തന്നെ, അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; പിവി അൻവര്‍ എംഎല്‍എ

click me!