ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്
തിരുവനന്തപുരം: എഡിജിപി എംആർ അജിത്ത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും ചർച്ച നടത്തി. കോവളത്തെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ വർഷമാണ് കൂടിക്കാഴ്ച നടന്നത്. തലസ്ഥാനത്ത് നടന്ന ആർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്.
സുഹൃത്തിൻറെ ക്ഷണപ്രകാരമാണ് നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്ക് അജിത് കുമാർ നൽകിയ വിശദീകരണം. ക്രമസമാധാന ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥൻ ആർ.എസ്.എസ്. നേതാവിനെ കണ്ടത് ഇൻറലിജൻസ് റിപ്പോർട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യവും ശക്തമാണ്.
undefined
തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ 2023 മെയ് 20 മുതൽ 22വരെയാണ് ആർഎസ്എസ് ക്യാമ്പ് നടന്നത്. ക്യാമ്പിനിടയിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി ചർച്ച നടത്തിയത്. ഒപ്പം പഠിച്ച ഒരു സുഹൃത്ത് മുഖേന വിജ്ഞാൻഭാരതി നേതാവായ ജയകുമാറിനെ നേരത്തെ പരിചയപ്പെട്ടുവെന്നും ജയകുമാറിൻറെ കാറിലാണ് ദത്താത്രേയ ഹൊസബലെയെ ഹോട്ടലിലെത്തി കണ്ടതെന്നുമാണ് അജിത്ത് കുമാറിൻ്റെ വിശദീകരണം.
ഔദ്യോഗിക വാഹനം വിട്ട് ആർഎസ്എസ് നേതാവ് ജയകുമാറിൻറ വാഹനത്തിൽ എന്തിന് തൃശൂരിലെ ഹോട്ടലിൽ കൂടിക്കാഴ്ചക്കെത്തി എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഔദ്യോഗിക വാഹനത്തിലെ ലോഗ് ബുക്കിൽ നിന്നും യാത്ര ഒഴിവാക്കാനായിരുന്നോ ഈ നീക്കമെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ആർഎസ്എസിനെ മുഖ്യശത്രുവായി കാണുന്ന സിപിഎം മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ എന്ന ചോദ്യവും ശക്തമാണ്. എഡിജിപിയുടെ സന്ദർശനം ഇൻറലിജൻസ് മുഖേന മുഖ്യമന്ത്രി അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദ്യമുണ്ട്.