'വിചാരണക്കോടതി മാനസികമായി പീഡിപ്പിച്ചു, പല തവണ കോടതിയിൽ കരഞ്ഞു'; ആക്രമിക്കപ്പെട്ട നടി

By Web Team  |  First Published Nov 16, 2020, 1:12 PM IST

തന്‍റെ സ്വഭാവ ശുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിൽ കോടതിയിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നു. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹർജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി കോടതിയിൽ വ്യക്തമാക്കി. 
 


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. വിചാരണ കോടതി പലവട്ടം ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചെന്നും മാനസികപീഡനം ഉണ്ടായതായും നടി കോടതിയിൽ വ്യക്തമാക്കി. തന്‍റെ സ്വഭാവ ശുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിൽ കോടതിയിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നു. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹർജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി കോടതിയിൽ വ്യക്തമാക്കി. വിചാരണക്കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിൽ വാദം പൂ‍ർത്തിയായി. ഹർജി വിധി പറയാനായി മാറ്റി, അതുവരെ വിചാരണക്കോടതിയിലുള്ള കേസിന്റെ വിസ്താരത്തിനുളള സ്റ്റേ തുടരും. അടുത്ത വെളളിയാഴ്ച വരെയാണ് ഹൈക്കോടതി സ്റ്റേ നൽകിയത്. 

ശക്തമായ ആരോപണങ്ങളാണ് വിചാരണക്കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഉയർത്തിയത്. പല വട്ടം കോടതിയിൽ കരഞ്ഞ സാഹചര്യങ്ങളുണ്ടായി. ചോദിക്കാൻ പാടില്ലാത്ത പല ചോദ്യങ്ങൾ ചോദിച്ചപ്പോൾ അത് കോടതി തടഞ്ഞില്ല. ഈ സമയത്തെല്ലാം അനേകം അഭിഭാഷകർ കോടതിയിൽ ഉണ്ടായിരുന്നു. അവരുടെ മുൻപിൽ വെച്ച് ആണ് ചോദ്യങ്ങൾക്ക് മറുപടി നൽകണ്ടി വന്നത്. ഒരു തരത്തിലും മുന്നോട്ട് പോകാൻ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഈ ഹർജി നൽകിയതെന്നും നടി കോടതിയിൽ വ്യക്തമാക്കി. 

Latest Videos

undefined

വിചാരണ കോടതി തെറ്റായ ഉത്തരവുകൾ ഇറക്കിയെങ്കിൽ അക്കാര്യം എന്തുകൊണ്ട് ഹൈക്കോടതിയിൽ ഉന്നയിച്ചില്ലെന്ന് നടിയോട്  കോടതി ചോദിച്ചു. എല്ലാത്തിനും ഒബ്ജെക്ഷൻഫയൽ ചെയ്യേണ്ട എന്ന് അന്ന് തോന്നിയതിനാലാണെന്നും പക്ഷേ അത് തെറ്റായി എന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകൻ മറുപടി നൽകി. 

പല വട്ടം വിചാരണ തടയാൻ എതിർ കക്ഷികൾ കോടതിയെ സമീപിച്ചു. 80 സാക്ഷികളെ വിസ്തരിച്ചു. ദിലീപിന്  വേണ്ടി 19 അഭിഭാഷകർ ഹാജരായി. പല വട്ടം കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും നടി കോടതിയെ അറിയിച്ചു. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ പ്രതി ഭാഗത്ത് നിന്ന് ഉണ്ടായപ്പോൾ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സംസ്ഥാന സർക്കാറും ഹൈക്കോടതിയിൽ വ്യക്തമാക്കി. പല വട്ടവും വൈകിട്ട് 6 ന് ശേഷവും ക്രോസ്സ് എക്സാമിനേഷൻ തുടർന്നു. ഇരയ്ക്ക് ആവശ്യമുള്ള ഇടവേളകൾ നൽകി വേണം വിചാരണ എന്നുള്ള സുപ്രീംകോടതി വിധി ന്യായങ്ങൾക്ക് എതിരാണ് ഇതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.   

click me!