'ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ല'; കോടതി മാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയിൽ

By Web Team  |  First Published Aug 4, 2022, 8:37 AM IST

നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തില്‍ അറിയിച്ചു.


കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ (Actress Attack Case) വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന് അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം. നിലവിലുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തില്‍ അറിയിച്ചു.

നിലവിൽ വിചാരണ നടക്കുന്ന സിബിഐ സ്പെഷ്യൽ കോടതി മൂന്നിന് പുതിയ ജഡ്ജിയെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനായിരുന്നു തീരുമാനം. പ്രൻസിപ്പൽ സെഷൻസ് ജഡ്ജ് ആയ ഹണി എം വാർഗീസ് തന്നെ വിചാരണ തുടരുന്നതിൽ അതൃപ്തിയുണ്ടെന്നും തനിക്ക് നീതികിട്ടില്ലെന്നുമാണ് അതിജീവത കത്തിൽ പറയുന്നത്. ഈ സഹാചര്യത്തിൽ എറണാകുളം ജില്ലയിലെ മറ്റ് വനിത ജ‍ഡ്ജിന് കീഴിലേക്ക് വിചാരണ മാറ്റണമെന്നാണ് ആവശ്യം. ഹണി എം വർഗീസ് താൻ നൽകിയ പല ഹർജികളിലും നീതിപൂർവ്വമായല്ല നടപടി സ്വീകരിച്ചതെന്നും കത്തിലുണ്ട്.

Latest Videos

Also Read: നടിയെ ആക്രമിച്ച കേസ്;സുപ്രീംകോടതി ഇടപെടല്‍ തേടി ദിലീപ്, അതിജീവിതയ്ക്കും മുൻ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍

സിബിഐ പ്രത്യേക കോടതി ജഡ്ജ്  ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും നടി കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്നുമാണ് അറിയിച്ചിരുന്നത്.

click me!