അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല
കൊച്ചി : നടിയെ ആക്രമിച്ച കേസിന്‍റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. അന്തിമ വാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിന്‍റെ സാക്ഷി വിസ്താരം ഒരുമാസം മുമ്പ് പൂർത്തിയായിരുന്നു. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമാണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നൽകും. പ്രതിയായ നടന്‍ ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയക്കെതിരെ അതിജീവിത വിചാരണ കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ്; ആർ ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിതയായ നടി
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു.