നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാന്‍ സമയം നീട്ടി നല്‍കി സുപ്രീംകോടതി, മാർച്ച് 31 വരെ സമയം

By Web Team  |  First Published Aug 4, 2023, 11:59 AM IST

വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി നല്‍കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.


ദില്ലി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നല്‍കി സുപ്രീംകോടതി. അടുത്ത മാർച്ച് 31 വരെയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാൻ വീണ്ടും സമയം നീട്ടി നല്‍കണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. കേസിന്‍റെ വിചാരണ  വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് പരിഗണിച്ചത്. 

Latest Videos

Also Read: 4 വയസുകാരിയ്ക്ക് പീഡനം: പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു, അറസ്റ്റ് ; മുറിയിൽ എത്തിച്ചത് ശീതളപാനീയം നൽകി

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാണ് ദിലീപിന്റെ വാദം. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് ദിലീപ് നിലപാടറിയിച്ചത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന ജസ്റ്റിസ് കെ ബാബുവിന്റെ ചോദ്യത്തിന് വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നുമായിരുന്നു അന്ന് ദിലീപ് നൽകിയ മറുപടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!