നടിയെ ആക്രമിച്ച കേസ്;സുപ്രീംകോടതി ഇടപെടല്‍ തേടി ദിലീപ്, അതിജീവിതയ്ക്കും മുൻ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍

By Web Team  |  First Published Jul 29, 2022, 7:40 PM IST

തുടർ അന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദിലീപ് അപേക്ഷയിൽ ആവശ്യപ്പെടുന്നു.


ദില്ലി: നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കവുമായി ദിലീപ്. കേസിന്‍റെ വിചാരണ സമയബന്ധിതമായി  പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. തന്‍റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്ന് ദിലീപ് അപേക്ഷയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

അതിജീവിതയുടെയും തന്‍റെ മുൻഭാര്യയുടെയും അടുത്ത സുഹൃത്തായ ഉന്നത പൊലീസ് ഓഫീസറാണ് തന്നെ ഈ കേസിൽ കുടുക്കിയത്. ഓഫീസർ നിലവിൽ ഡിജിപി റാങ്കിലാണ്. മലയാള സിനിമയിലെ ശക്തരായ ഒരു വിഭാഗത്തിന് തന്നോട് ശത്രുതതയുണ്ട്. ഇവർക്കും തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്നും സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിൽ ദിലീപ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നു. വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടാനാണ് ഇവരുടെ ശ്രമെന്നും ഹർജിയിൽ ദീലീപ് ആരോപിക്കുന്നു. 133 പേജുള്ള അപേക്ഷയാണ് ദീലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 

Latest Videos

കേസിന്‍റെ തുടക്കം മുതൽ താൻ മാധ്യമവിചാരണ നേരിടുകയാണ്. ഇപ്പോൾ, തന്‍റെ അഭിഭാഷകർ, വിചാരണ കോടതി ജഡ്ജി എന്നിവർക്ക് നേരെയും മാധ്യമവിചാരണ നടക്കുന്നുണ്ട്. തുടരന്വേഷണത്തിന്‍റെ പേരിൽ തന്‍റെയും ബന്ധുക്കളുടെയും മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്ത് അതിൽ വ്യാജതെളിവുകൾ സ്ഥാപിച്ചു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ മാധ്യമപ്രവർത്തകയായ ബർഖ ദത്തിന് അതിജീവിത അഭിമുഖം നൽകിയത് കേസിനെ സ്വാധീനിക്കാനും പൊതുസമൂഹത്തിന്‍റെ സഹതാപം പിടിച്ചുപറ്റാനുമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.  

തനിക്കെതിരെ ചാനൽ ചർച്ചകളിൽ പങ്കെടുത്ത വ്യക്തിയെയാണ് ഇപ്പോൾ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ചാനൽ ചർച്ചകളിൽ തന്നെക്കെതിരെ നിലപാട് എടുത്തിതിന്റെ പാരിതോഷികമാണിത്. വിചാരണ നീട്ടാനാണ് ഈ നടപടിയെന്നും ദിലീപ് ആരോപിക്കുന്നു. തുടർ അന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും  ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നും ദീലീപ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. 

കേസിൽ തുടരന്വേഷണ സാധ്യത തുറന്നിട്ടുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം. ഇതിന് പിന്നാലെയാണ് ദിലീപിന്‍റെ പുതിയ നീക്കം. തെളിവ് നശിപ്പിച്ച സംഭവത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാ‌ഞ്ച് വ്യക്തമാക്കുന്നുണ്ട്. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ദിലീപിന്‍റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം പൂർത്തിയാകില്ലെനായിരുന്നു ക്രൈംബ്രാ‌ഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.

Also Read:  നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിട്ട് പരിശോധിച്ച വിവോ ഫോണിന്‍റെ ഉടമയാര്? അന്വേഷണം നിലച്ചു

അങ്കമാലി മജിസ്ടേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയപ്പോൾ അഭിഭാഷകർ പ്രതിപട്ടികയിലോ സാക്ഷിപട്ടികയിലോ ഉണ്ടായിരുന്നില്ല. എന്നാൽ, അഭിഭാഷകർക്ക് ക്ലീൻചിറ്റ് നൽകിയല്ലെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രം പറയുന്നത്. ഹാക്കർ സായ് ശങ്കറിന്‍റെ മൊഴിയിൽ അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് ഫോണുകളിലെ തെളിവ് നീക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 4 അഭിഭാഷകർ ഫോണുമായി മുംബൈയിലേക്ക് പോയതിനും തെളിവുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്ന് കുറ്റപത്രം പറയുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുള്ള മെക്കറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിലുണ്ട്. 

tags
click me!