നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സർ സുനി പുറത്തിറങ്ങി, ജാമ്യം കര്‍ശന ഉപാധികളോടെ

By Web TeamFirst Published Sep 20, 2024, 4:35 PM IST
Highlights

കേസിൽ ജാമ്യം അനുവദിച്ചതോടെയാണ് പള്‍സര്‍ സുനി ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്

കൊച്ചി:ന‍ടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങി. കേസിൽ ജാമ്യം അനുവദിച്ചതോടെയാണ് പള്‍സര്‍ സുനി ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രതിനിധികള്‍ പള്‍സര്‍ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

കനത്ത സുരക്ഷയിലാണ് പള്‍സർ സുനിയെ ജയിലിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കൊണ്ടുപോയത്. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ചകേസിലും സുനിക്ക് ജാമ്യം ലഭിച്ചു  

Latest Videos

എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളാണ് ജാമ്യം വ്യവസ്ഥയിലുള്ളത്.  കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിച്ചതോടെയാണ് വൈകിട്ടോടെ എറണാകുളം സബ് ജയിലിൽ നിന്നും പൾസർ സുനി പുറത്തിറങ്ങിയത്.


നടിയെ ആക്രമിച്ച കേസിലെ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി പത്ത് തവണ ജാമ്യഹർജി നൽകിയതിലെ സാമ്പത്തിക ശ്രോതസ് ആരാണെന്നടക്കം ഒരു ഘട്ടത്തിൽ സിംഗിൽ ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. 

2017 ജൂൺ 18നാണ് നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാറിനെ ഒന്നാംപ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയിൽ ദിലീപിന്റെ അറസ്റ്റുണ്ടായി. നവംബറിൽ അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ചതോടെ സംസ്ഥാനം ഇത് വരെ കാണാത്ത അസാധാരണമായ സങ്കീർണതകളിലേക്ക് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീണ്ടു. നടിയെ ആക്രമിച്ച മെമ്മറി കാർഡിന്‍റെ പകർപ്പടക്കം ആവശ്യപ്പെട്ട് 2019 മെയ് മാസത്തിൽ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചതോടെ വിചാരണ മാസങ്ങൾ മരവിച്ചു.

അന്ന് മുതൽ ഇന്ന് വരെ വിവിധ കോടതികളിലായി  ദിലീപ് നൽകിയ 57ഹർജികൾ വിചാരണയെ സാരമായി ബാധിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിൽ 25 ഹർജികൾ കോടതി അനുവദിച്ചു.11ഹർജികൾ തള്ളി. ഈ ഹർജികളിലെ കോടതി തീരുമാനത്തിലുണ്ടായ കാലതാമസത്തിനിടെ 2020 നവംബറിൽ വനിത ജഡ്ജിക്കെതിരെ നടിയും സർക്കാരും ഹൈക്കോടതിയിലെത്തി.

കോടതിയിൽ ഹാജരായ പല സാക്ഷികളും കൂറുമാറി.എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ പല ദിവസങ്ങളിലായി 113 ദിവസമാണ് ദിലീപിന്റെ അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തിയത്. അടച്ചിട്ട കോടതി മുറിക്കുള്ള വിചാരണ ഇനിയും എത്രമാസം നീളുമെന്ന് ഉറപ്പില്ലാത്ത ഘട്ടത്തിലാണ് കേസിലെ മുഖ്യപ്രതിക്ക് ജാമ്യം കിട്ടുന്നത്. 

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി പുറത്തേക്ക്, ജാമ്യത്തിന് കർശന ഉപാധികൾ; സുരക്ഷ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി

 

click me!