ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. 'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു.
അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' - വിനായകൻ ലൈവിൽ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്.
താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. അതേസമയം, സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകി കൊണ്ടിരിക്കുന്നത്. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ലെന്ന് പറഞ്ഞ്, കണ്ണീരണിഞ്ഞ്, പലവിധ രീതിയിൽ ജീവിതത്തെ സ്പർശിച്ച കഥകൾ പങ്കുവച്ച്, പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ ജനം തെരുവിൽ കാത്ത് നിൽക്കുകയാണ്.
വെയിലും മഴയും അവഗണിച്ച്, രാവെന്നോ പകലെന്നോ ഇല്ലാതെ, അവസാനമായി അവരുടെ കുഞ്ഞൂഞ്ഞിനെ കാണാനുള്ള ശ്രമത്തിലാണ് എല്ലാവരും. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെർച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറികൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.