കേന്ദ്ര വിഹിതം ലഭിക്കാത്തതാണ് കർഷകർക്ക് വിഹിതം ലഭിക്കാൻ വൈകിയതെന്നായിരുന്നു മന്ത്രിമാരുടെ വിശദീകരണം
ദില്ലി: നെല്ല് സംഭരണ വിവാദത്തിൽ കേന്ദ്ര സർക്കാറിനെ പഴിചാരി വിശദീകരണവുമായി എത്തിയ മന്ത്രിമാരെ തള്ളി കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ്. കുടിശ്ശിക വിതരണത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് വീഴ്‌ചയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കേരളം കണക്കുകൾ നൽകാത്തത് ആണ് കുടിശികക്ക് കാരണമെന്നും, കേരളത്തിന്റെ വാദങ്ങൾ വെറും പൊള്ളയെന്നും എംപി പറഞ്ഞു.
കർഷക വിഷയത്തിയത്തിൽ മന്ത്രിമാരെ ഇരുത്തി നടൻ ജയസൂര്യ വിമർശനം ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കർഷകർക്ക് മുഴുവൻ തുകയും നൽകിയെന്ന വിശദീകരണവുമായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ രംഗത്ത് വന്നിരുന്നു. 2022-23 സീസണിൽ കർഷകരിൽ നിന്ന് സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായി ഇതുവരെ 1854 കോടി രൂപ വിതരണം ചെയ്തതു എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
2,50,373 കർഷകരിൽ നിന്നായി 7,31,184 ടൺ നെല്ലാണ് സംഭരിച്ചത്. ഇതിൽ 2,30,000 പേർക്ക് മുഴുവൻ പണവും നൽകി. 50,000 രൂപയ്ക്ക് താഴെയുള്ള എല്ലാ കർഷകർക്കും പൂർണമായി തുക നൽകിയെന്നും മന്ത്രി പറഞ്ഞു. 216 കോടിയാണ് നെല്ലിന്റെ വിലയായി ഇനി കർഷകർക്ക് നൽകാനുള്ളതെന്നും ഇത് ഉടൻ അവരുടെ അക്കൗണ്ടുകളിൽ എത്തുമെന്നും വിതരണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരിൽ നിന്നുള്ള വിഹിതം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതിനാലാണ് കർഷകർക്ക് ഉടൻ പണം കൈമാറുന്നതിനായി ബാങ്ക് കൺസോർഷ്യവുമായി ധാരണയുണ്ടാക്കിയത്. എന്നാൽ ഇത് പ്രകാരം പണം വിതരണം ചെയ്യുന്നതിൽ ബാങ്കുകളുടെ ഭാഗത്തുനിന്നും അനാസ്ഥ ഉണ്ടായെന്നും മന്ത്രി വിശദീരിച്ചിരുന്നു.
2018-2019 മുതൽ 2022വരെ നെല്ല് സംഭരണ വിഹിതമായി 637.6 കോടി രൂപ കേന്ദ്രത്തിൽ നിന്നും ഇനിയും ലഭിക്കാനുണ്ട്. വിവിധ ഘട്ടങ്ങളിലായ് ഇത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പണം അനുവദിച്ചിട്ടില്ലെന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്. സെപ്റ്റംബർ ആറിന് കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി കേരളത്തിലെത്തുന്നുണ്ടെന്നും ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു. കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ചില ഇടങ്ങളിൽ പാടശേഖരസമതികളും കാലതാമസം വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങളെല്ലാം അടുത്ത സീസണിൽ പരിഹരിക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ ഓഡിറ്റ് പൂർത്തിയാക്കി കേരളം കണക്കുകൾ നൽകാത്തതാണ് വിഹിതം വൈകാൻ കാരണമെന്ന് ബിജെപിയും ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഇതേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി കൊടിക്കുന്നിലും.
വിവാദത്തിന്റെ തുടക്കം
സംഭരിച്ച നെല്ലിന്‍റെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കർഷകന്‍റെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയിൽ നടന്ന കാർഷികോത്സവം പരിപാടിയിലായിരുന്നു കൃഷി, വ്യവസായ മന്ത്രിമാരെ സാക്ഷിയാക്കി നടന്‍റെ പ്രതികരണം. തന്‍റെ സുഹൃത്തും നെൽ കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വിമർശനം. ആറ് മാസം മുൻപ് സപ്ലൈക്കോ സംഭരിച്ച നെല്ലിന്‍റെ പണം ഇത് വരെയും കിട്ടിയിട്ടില്ലെന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍, മന്ത്രി പി രാജീവ് ജയസൂര്യക്ക് അതേ വേദിയിൽ മറുപടി നല്‍കി. കർഷകർക്കുള്ള സംസ്ഥാന വിഹിതം മുടങ്ങിയിട്ടില്ലെന്നും കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി അന്നും മറുപടി നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം