മണൽ മാഫിയക്കെതിരെ നടപടി കടുപ്പിച്ച് മംഗലപുരം പൊലീസ്: എട്ട് ടിപ്പര്‍ ലോറികൾ പിടികൂടി

By Web Team  |  First Published Feb 3, 2023, 10:00 PM IST

ഇന്നലെയാണ് ജെസിബിയും ഹിറ്റാച്ചിയും എട്ടു ടിപ്പറുകളും മംഗലപുരം പോലീസ് പിടികൂടിയത്.


തിരുവനന്തപുരം: മംഗലപുരത്ത് അനധികൃതമായി കായൽ നികത്താനെത്തിയ മണ്ണുമാന്തി യന്ത്രവും എട്ട് ടിപ്പറുകളും പിടികൂടി. വെയിലൂർ വില്ലേജിൽപ്പെട്ട മുരുക്കുംപുഴ കടവിനടുത്തെ കായലുകളും കണ്ടൽക്കാടുകളും നികത്താനാണ് മണ്ണ് എത്തിച്ചത്.  ഗുണ്ടാസംഘങ്ങളുമായും മണൽ മാഫിയകളുമായുള്ള  പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധത്തിൻ്റെ പേരിൽ വിവാദത്തിലായ മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരേയും നേരത്തെ സ്ഥലം മാറ്റിയിരുന്നു. പുതുതായി ചുമതലയേറ്റ 36 പൊലീസ് ഉദ്യോഗസ്ഥരാണ് നിലവിൽ സ്റ്റേഷനിലുള്ളത്.

ഇന്നലെയാണ് ജെസിബിയും ഹിറ്റാച്ചിയും എട്ടു ടിപ്പറുകളും മംഗലപുരം പോലീസ് പിടികൂടിയത്. കഠിനംകുളം കായലിനോട് ചേർന്നുള്ള മുരുക്കുംപുഴ കടവിനത്തുള്ള സ്വകാര്യ കമ്പനിയുടെ 27ഏക്കർ സ്ഥലം നികത്തുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മംഗലപുരം പൊലീസ് മണ്ണുമായി ആറു ടിപ്പറുകൾ പിടികൂടി. രണ്ടു ടിപ്പറുകളിലെ ഡ്രൈവർമാർ ഓടി രക്ഷപ്പെട്ടു. സമീപ പ്രദേശത്തു നിന്നും മറ്റു രണ്ടു ടിപ്പറുകളും പിടികൂടി. കഠിനംകുളം കായലിനോടു ചേർന്ന സ്വകാര്യ സ്ഥലത്തെ കായൽ വെട്ടുകളും കണ്ടൽക്കാടുകളും മണ്ണിട്ടു നികത്തിയെന്നാണ് കണ്ടെത്തൽ. വെയിലൂർ വില്ലേജോഫീസിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം

Latest Videos

click me!