താമരശ്ശേരി ചുരത്തില്‍ ദുരിത യാത്രകളുടെ കാലം; അപകടവും ഗതാഗത തടസവും പതിവായി

By Web Team  |  First Published Dec 26, 2022, 1:06 PM IST

കോഴിക്കോട്- വയനാട് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ 2017 ഒക്ടോബര്‍ 13 ന് ചേര്‍ന്ന ചുരം വികസന യോഗമാണ് നവംബര്‍ ഒന്ന് മുതല്‍ ചുരത്തില്‍ വാഹന പാര്‍ക്കിങ് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. എന്നാല്‍, ചുരത്തിലെ ഗതാഗതം നിയന്ത്രിക്കാന്‍ ഇറങ്ങിയ അനേകം ഉത്തരവുകളില്‍ ഒന്നായി ഇതും കടലാസില്‍ ഉറങ്ങുന്നു. 



കല്‍പ്പറ്റ: ഈയിടെയായി താമരശ്ശേരി ചുരത്തില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതയാത്രകളാണ്. ലോറികളടക്കമുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ബസുകള്‍ റോഡില്‍ കുടുങ്ങുന്നതും പതിവായതോടെ മണിക്കൂറുകളോളം നീളുന്ന ഗതാഗതകുരുക്കിനാണ് ചുരം സാക്ഷിയാകുന്നത്. ഇതുകാരണം വയനാട്ടിലെ വിവിധ ആശുപത്രികളില്‍ നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് പായുന്ന ആംബുലന്‍സുകള്‍ പോലും വാഹനത്തിരക്കില്‍ കുടുങ്ങുന്നത് നിത്യസംഭവമായി. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും താമരശ്ശേരി പൊലീസും സ്ഥിരമായി ചുരത്തില്‍ തങ്ങി ഗതാഗതകുരുക്ക് ഒഴിവാക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. 

കഴിഞ്ഞ ദിവസം രാവിലെ ഏഴാം വളവില്‍ കെ എസ് ആര്‍ ടി സിയുടെ മള്‍ട്ടി ആക്‌സില്‍ ബസ് കുടുങ്ങിയത് മൂന്ന് മണിക്കൂറോളം നീണ്ട ഗതാഗതകുരുക്കിനാണ് വഴിവെച്ചത്. മണിക്കൂറുകള്‍ കഴിഞ്ഞ് കെ എസ് ആര്‍ ടി സിയുടെ മെക്കാനിക്ക് എത്തിയാണ് ബസ് റോഡിന്‍റെ വശത്തേക്ക് മാറ്റിയത്. ചുരത്തില്‍ വാഹനം കൈകാര്യം ചെയ്യാന്‍ അറിയുന്നരും മെക്കാനിക് ജോലികള്‍ അറിയുന്നവരും ഉണ്ടാകുമെങ്കിലും കെ എസ് ആര്‍ ടി സി ബസുകള്‍ മാറ്റിയിടാന്‍ ഡിപ്പോയില്‍ നിന്ന് ജോലിക്കാര്‍ എത്തുന്നത് വരെ കാത്തിരിക്കാറാണ് പതിവ്. മള്‍ട്ടി ആക്‌സില്‍ ബസുകള്‍ പോലെയുള്ള വലിയ സര്‍ക്കാര്‍ വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങിയാല്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റാന്‍ കഴിയില്ല. കോര്‍പ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം അനുമതി ലഭിച്ചെങ്കില്‍ മാത്രമെ ഇത്തരത്തില്‍ വാഹനം മാറ്റാന്‍ സാധിക്കാറുള്ളൂ. 

Latest Videos

ദിവസങ്ങള്‍ക്ക് മുമ്പ് ഗതാഗത തടസ്സത്തിന് കാരണമായ വോള്‍വോ ബസ് രാവിലെ പതിനൊന്നോടെ റോഡരികിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും ചുരത്തിന് മുകളില്‍ വൈത്തിരി വരെയും താഴെ ഈങ്ങാപ്പുഴ വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. സമീപകാലത്തായി ചുരത്തിലുണ്ടായ ഏറ്റവും വലിയ ഗതാഗതക്കുരുക്കായിരുന്നു ഇത്. നിലവില്‍ ചുരം റോഡില്‍ ഗതാഗതക്കുരുക്കില്ലാത്ത ഒരു ദിവസം പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. വിദേശത്തേക്കും മറ്റും പോകുന്നവര്‍ ഗതാഗതക്കുരുക്ക് മറികടക്കാന്‍ ഒരു ദിവസം മുന്നേ പോകേണ്ട സാഹചര്യമാണ്. വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് പതിവായതോടെ സമയത്തിനെത്താനാവാതെ ട്രെയിന്‍ യാത്രക്കാരും ദുരിതത്തിലാകുന്നു.

ടിപ്പര്‍ ലോറികളെ നിയന്ത്രിക്കാന്‍ കഴിയാതെ ജില്ല ഭരണകൂടം

മുക്കം, കൊണ്ടോട്ടി, അരിക്കോട് മേഖലകളില്‍ നിന്ന് ക്വാറി ഉല്‍പന്നങ്ങളുമായി നിരവധി ടിപ്പര്‍ ലോറികളാണ് ചുരം കയറി വയനാട്ടിലേക്കെത്തുന്നത്. 70 ടണ്‍ വരെ വഹിക്കുന്ന ഇത്തരം കൂറ്റന്‍ ലോറികളാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. നൂറുക്കണക്കിന് വാഹനങ്ങള്‍ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ രാപകല്‍ വ്യത്യാസമില്ലാതെ ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ചരക്കുവാഹനങ്ങളുടെ യാത്രയ്ക്ക് ചുരത്തില്‍ സമയ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നെങ്കിലും അധികൃതരുടെ അലംഭാവം കാരണം തുടക്കത്തില്‍ തന്നെ പാളിയിരുന്നു. അവധി ദിനങ്ങളിലും ചുരത്തില്‍ ഗതാഗതക്കുരുക്ക് പതിവാണ്. വിനോദ സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങള്‍ ചുരം വ്യൂ പോയിന്‍റില്‍ നിര്‍ത്തിയിടുന്നതും പതിവ് കാഴ്ചയാണ്.

ഉത്തരവുകളെല്ലാം  പാളി

ചുരം റോഡിലെ വാഹന പാര്‍ക്കിങ് നിരോധിച്ച ഉത്തരവും ടിപ്പര്‍ ലോറികള്‍ക്കുള്ള നിയന്ത്രണവും അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ക്കുള്ള നിരോധനവും അട്ടിമറിക്കപ്പെട്ടു. ഉത്തരവുകള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് കൃത്യമായി പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥര്‍ അത് ചെയ്യാത്തത് തന്നെ കാരണം. കോഴിക്കോട്- വയനാട് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ 2017 ഒക്ടോബര്‍ 13 ന് ചേര്‍ന്ന ചുരം വികസന യോഗമാണ് നവംബര്‍ ഒന്ന് മുതല്‍ ചുരത്തില്‍ വാഹന പാര്‍ക്കിങ് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് വാഹന പാര്‍ക്കിങ് നിരോധിച്ചതെന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം. 

ആവശ്യത്തിന് പൊലീസുകാരെ വിന്യസിക്കാതെ  വ്യൂ പോയിന്‍റിന് സമീപം നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ച് അധികൃതര്‍ തടിതപ്പുകയാണ് ചെയ്തിരിക്കുന്നത്. 2019 ഡിസംബര്‍ എട്ടിന് കോഴിക്കോട്ട് ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ്, ചുരം റോഡില്‍ 25 ടണ്ണോ അതില്‍ കൂടുതലോ ഭാരമുള്ള ചരക്കു വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് കൊണ്ടും ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണം ഏര്‍പെടുത്തിയും ഉത്തരവിറക്കിയത്. എന്നാല്‍, ഉത്തരവുകള്‍ ഇറക്കിയെന്നല്ലാതെ അത് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രം സംവിധാനമില്ല. അതുകൊണ്ടുതന്നെ  ഉത്തരവുകളെല്ലാം  പാളി. രാവിലെ 8 മുതല്‍ 10.30 വരെയും വൈകിട്ട് നാല് മുതല്‍ ആറ് വരെയുമുള്ള സമയങ്ങളിലാണ് ചുരത്തില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

ചുരത്തില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ഫൊട്ടോ എടുത്ത് കലക്ടര്‍ക്ക് വാട്‌സാപ്പ് വഴി അയക്കാമെന്നും അത്തരം വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കുമെന്നും കോഴിക്കോട് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. എന്നാല്‍, ഒന്നും സംഭവിച്ചുവെന്ന് മാത്രമല്ല ചുരത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ പഴയത് പോലെ തുടരുകയുമാണ്.

click me!