കാസര്‍കോട് നഗരത്തില്‍ നിന്ന് മലയോര ഗ്രാമമായ ബന്തടുക്കയിലേക്കും തിരിച്ചുമാണ് ശ്രീകൃഷ്ണ ബസിന്‍റെ യാത്ര
കാസര്‍കോട്: ബന്തടുക്ക- കാസര്‍കോട് റൂട്ടില്‍ ഓടുന്ന ശ്രീകൃഷ്ണ ബസില്‍ തന്നെ കയറാന്‍ കാത്തു നില്‍ക്കുന്ന നിരവധി പേരുണ്ട് ഇപ്പോള്‍. അതിനൊരു കാരണവുമുണ്ട്. എന്താണ് ഈ ബസിന് ഇത്ര സ്പെഷ്യല്‍ എന്ന് ചോദിച്ചാൽ ബസുടമ ശ്രീജിത്ത് പുല്ലായിക്കൊടി പറയും 'കൂളാണ് ബ്രോ' എന്ന്.
കാസര്‍കോട് നഗരത്തില്‍ നിന്ന് മലയോര ഗ്രാമമായ ബന്തടുക്കയിലേക്കും തിരിച്ചുമാണ് ശ്രീകൃഷ്ണ ബസിന്‍റെ യാത്ര. ലോക്കല്‍ ബസാണെങ്കിലും സൗകര്യങ്ങള്‍ അത്ര ലോക്കലല്ല. പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് എസി ബസാണിത്. ശീതീകരിച്ച ബസായതിനാല്‍ യാത്രക്കാര്‍ വലിയ ഹാപ്പി.
undefined
ടൂറിസ്റ്റ് ബസുകളില്‍ ഹൈബ്രിഡ് എസി ഉണ്ടെങ്കിലും ലോക്കല്‍ ലൈനില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ഇങ്ങനെയൊരു ആശയം ആദ്യമാണെന്ന് ഉടമ. അടുത്തിടെ ആണ് പെര്‍മിറ്റ് എടുത്തത്. ഞാൻ തന്നെ ജോലി ചെയ്യുന്ന സമയത്ത് മാര്‍ച്ച് ഏപ്രിൽ മാസങ്ങളിലൊക്കെ വലിയ ചൂടാണ്. ഞങ്ങളുടെ കാര്യം ഇങ്ങനെയെങ്കിൽ യാത്രക്കാരുടെ കാര്യം പറയേണ്ടല്ലോ, അവര്‍ക്ക് സൗകര്യം നൽകാനാണ് എസി വച്ചതെന്നും ഉടമ ശ്രീജിത് പറയുന്നു.
ശരീരവും മനസും തണുത്തുള്ള യാത്രയ്ക്ക് ഇപ്പോള്‍ ആരാധകരും ഏറെ. സ്ഥിരം ഈ ബസിലാണ് യാത്ര. ചൂട് സമയത്ത് എസിയുള്ള ബസ് വലിയ ആശ്വാസമെന്ന് നാട്ടുകാര്‍ പറയുന്നു. അധിക നിരക്കില്ലാതെ എസി ബസില്‍ സുഖകരമായി സഞ്ചരിക്കാന്‍ കഴിയുന്ന സന്തോഷത്തിലാണ് യാത്രക്കാര്‍. ആറര ലക്ഷം രൂപയാണ് ബസ് ശീതീകരിക്കാന് അധിക ചെലവായത്.