അക്ഷരം പതിഞ്ഞ ഇടങ്ങളിലെല്ലാം ഇരിപ്പിടം ഉറപ്പിച്ച മഹാപ്രതിഭ; തന്റെ സാഹിത്യകൃതികളോട് മത്സരിച്ചത് സ്വന്തം ചലച്ചിത്രങ്ങൾ ഒരേയൊരു എംടി
കേരളീയ ജീവിത പരിണാമത്തെ പതിറ്റാണ്ടുകള്‍ നീണ്ട എഴുത്തിലൂടെ അടയാളപ്പെടുത്തിയ അക്ഷരപര്‍വ്വമായിരുന്നു എംടി വാസുദേവന്‍ നായര്‍. സാഹിത്യത്തിന്‍റെ വിവിധശാഖകളിലും ചലച്ചിത്രങ്ങളിലും കൈയ്യൊപ്പ് പതിച്ച എംടി, എഴുത്തിന്‍റെ മലയാള മുറ്റത്തെ മഹാവൃക്ഷമായിരുന്നു. മഹാമൗനത്തിന്‍റെ വാൽമീകത്തിലിരുന്ന് മനുഷ്യന്‍റെ ആത്മസംഘര്‍ഷങ്ങളുടെ അടരുകള്‍ തേടിയ കഥാകാരന്‍. വിഷാദങ്ങളെ കടഞ്ഞെടുത്ത് പ്രകാശപൂര്‍ണമായൊരു എഴുത്തുകൊണ്ട് മലയാള സാഹിത്യമുറ്റത്ത് പണിതീര്‍ത്തത് ഒരു നാലുകെട്ട്. പുരാണങ്ങളെ പുനരാഖ്യാനം ചെയ്ത് ഇതിഹാസമായി മാറിയ ആ എഴുത്തുകാരന് കാലം എംടിയെന്ന് ചുരുക്കപ്പേരിട്ടു.
തലമുറകളെ നനച്ച എഴുത്തിന്‍റെ ആത്മാവ് നിളയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതി മുതല്‍ ഇരുളകറ്റി വീണ എല്ലാ സാമൂഹ്യവിപ്ലവങ്ങളുടെയും വിത്ത് ആ എഴുത്തില്‍ കാണാം. അതിന് ആധാരമായത് കൂടല്ലൂര്‍ എന്നൊരു ഉള്‍ഗ്രാമത്തിന്‍റെ ശ്വാസനിസ്വാസങ്ങളും കുമരനെല്ലൂരിലെ സാഹിത്യ സൗഹൃദ സംഘങ്ങളും. പരിചിതമായ ജീവിതപരിസരങ്ങളില്‍ നിന്ന് കാലാതിവര്‍ത്തിയായ കഥകള്‍ പിറവികൊണ്ടത് സ്കൂള്‍ കാലഘട്ടം മുതലാണ്. ബിരുദം നേടുമ്പോള്‍ രക്തം പുരണ്ട മണ്‍തരികളെന്ന കഥാസമാഹാരം എംടിയുടെ പേരിലുണ്ടായിരുന്നു. കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും, രണ്ടാമൂഴത്തിലെ ഭീമനും മുന്നില്‍ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പിന്‍റെ കഥ പറഞ്ഞ മഞ്ഞും, എഴുത്തിലും കടല്‍കടന്നുപോയ ഷെര്‍ലക്കുമെല്ലാം എംടിയുടെ കീര്‍ത്തിമുദ്രാകളാണിപ്പോഴും.
മാടത്ത് തെക്കേപ്പാട് തറവാട് ഒരര്‍ത്ഥത്തില്‍ വായനക്കാരന്‍റേത് കൂടിയാണ്. കൂട്ടക്കടവ് അങ്ങാടിയും മലമല്‍ക്കാവ് ക്ഷേത്രക്കുളത്തില്‍ വിരിയുന്ന നീലത്താമരയും താന്നിക്കുന്നും കണ്ണാന്തളിപ്പൂക്കളും ഗദ്യസാഹിത്യത്തെ ജനപ്രിയമാക്കിയ വലിയ വിപ്ലവത്തിന്‍റെ മുദ്രാവാക്യങ്ങളാണ്. എംടിയുടെ സാഹിത്യ സംഭാവനകളോട് മത്സരിച്ചത് അദ്ദേഹത്തിന്റെ തന്നെ ചലച്ചിത്ര നിർമ്മിതികൾ ആയിരുന്നു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത "നിർമാല്യം" എന്ന സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം."മുറപ്പെണ്ണാ"യിരുന്നു ആദ്യത്തെ തിരക്കഥ.
undefined
ഒരു വടക്കൻ വീരഗാഥ, വൈശാലി, സദയം, പരിണയം ഓളവും തീരവും, ഓപ്പോൾ, ആരൂഡം, വളർത്തു മൃഗങ്ങൾ, പെരുന്തച്ചൻ, സുകൃതം, തുടങ്ങി കാലാതിവർത്തിയായ ഒട്ടനേകം ചലച്ചിത്രങ്ങള്‍. 1995ൽ ജ്ഞാനപീഠം. 2005ൽ പത്മഭൂഷൻ.എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം. എം ടി ആദരിക്കപ്പെടാത്ത ഇടങ്ങളില്ല. കഥകൾ, നോവലുകൾ, ചലച്ചിത്രങ്ങൾ... അക്ഷരം പതിഞ്ഞ ഇടങ്ങളിലെല്ലാം ഇരിപ്പിടം ഉറപ്പിച്ച മഹാപ്രതിഭ. എംടി ഓര്‍മയാകുന്നു...അദ്ദേഹം ജന്മം നൽകിയ അക്ഷരങ്ങളുടെ ആൾരൂപങ്ങൾക്ക് മരണമില്ല.
'പ്രിയപ്പെട്ട എംടി...'; ഏഷ്യാനെറ്റ് ന്യൂസ് ഒരിക്കലും മറക്കാത്ത ആ നാളുകൾ...