'സഞ്ജു ടെക്കിയുടെ കാര്‍ രജിസ്‌ട്രേഷൻ റദ്ദാക്കും, ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്‍റ് ചെയ്യും'; സർക്കാർ കോടതിയിൽ

By Web Team  |  First Published Jun 6, 2024, 11:55 AM IST

ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.  


കൊച്ചി: കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. വാഹനത്തിൻ്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിന് ക്രിമിനൽ കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച് നടപടി റിപ്പോർട്ടിലാണ് ഈ കാര്യങ്ങള്‍ ഉള്ളത്. നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുരക്ഷിതമല്ലാത്ത വാഹനം റോഡിൽ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈ കുറ്റത്തിന് മൂന്ന് മാസം തടവ് ശിക്ഷ ലഭിക്കാം. കേസിൽ പ്രതികൾ കോടതിയിൽ വിചാരണ നേരിടണം. 

Latest Videos

undefined

Also Read: വടകരയിലെ കാഫിർ പ്രയോഗം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ വ്യാജ പ്രചാരണം

യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകൾ മാറ്റി പകരം പ്ലാസ്റ്റിക് ടർപോളിൻ കൊണ്ട് സ്വിമ്മിം​ഗ് പൂൾ തയ്യാറാക്കി. തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളിൽ പടർന്നു. എൻജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയർ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവർ വെള്ളം മുഴുവൻ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആർടിഒ എൻഫോഴ്സ്മെൻ്റ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!