എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകള്‍ കിട്ടിയതുകൊണ്ടാണ് മലപ്പുറത്ത് യുഡിഎഫ് ഭൂരിപക്ഷമുയര്‍ത്തിയതെന്നും ഇഎന്‍ മോഹൻദാസ് പറഞ്ഞു
മലപ്പുറം: വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും പൊന്നാനിയില്‍ എല്‍ഡിഎഫിന് വോട്ടുകുറഞ്ഞത് ഗൗരവമുള്ള കാര്യമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു. യുഡിഎഫിനും ബിജെപിക്കും വോട്ടുകൂടിയപ്പോള്‍ എല്‍ഡിഎഫിന്‍റെ വോട്ട് കുറഞ്ഞത് ഗൗരവമുള്ള കാര്യമാണെന്നും ഇഎന്‍ മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സൂക്ഷ്മ തലത്തില്‍ തന്നെ ഇക്കാര്യങ്ങള്‍ പരിശോധിക്കും. ബിജെപിക്ക് 14000വോട്ടുകളാണ് കൂടിയത്. ഇക്കാര്യവും പരിശോധിക്കും.
സിപിഎമ്മിന് വോട്ടു കുറഞ്ഞത് എവിടെയാണെന്നും എന്തുകൊണ്ടാണെന്നും വിശദമായി പരിശോധിക്കും. സമസ്തയിലെ ഒരു വിഭാഗം സിപിഎം അനുകൂല നിലപാടെടുത്തെങ്കിലും അത് വോട്ടായി മാറിയോയെന്ന് പരിശോധിക്കണം. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടുകള്‍ കിട്ടിയതുകൊണ്ടാണ് മലപ്പുറത്ത് യുഡിഎഫ് ഭൂരിപക്ഷമുയര്‍ത്തിയത്. ഇരു പാര്‍ട്ടികള്‍ക്കും കൂടി 80000ത്തോളം വോട്ടുകളുണ്ട്. ഇരു പാര്‍ട്ടികളും പരസ്യമായി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണ്. ഈ വോട്ടുകള്‍ കിട്ടിയതിനാലാണ് യുഡിഎഫിന്‍റെ ഭൂരിപക്ഷം ഉയര്‍ന്നതെന്നും ഇഎന്‍ മോഹൻ ദാസ് പറഞ്ഞു.