ഇന്നലെയാണ് ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാർട്ട്മെന്‍റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്
തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളില്‍ ഇറങ്ങി. ഇന്നലെയാണ് ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാർട്ട്മെന്‍റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്‍റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.
20 അടി താഴ്ചയിലാണ് അസ്ഥികൂടമുള്ളത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അഗ്നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. 20 അടിതാഴ്ചയുള്ള ടാങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്താനാണ് തീരുമാനം. അസ്ഥികൂടം ആരുടേതാണെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കാനും ദുരൂഹത നീക്കാനും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
undefined