2019 ജനുവരി മുതൽ ഇക്കഴിഞ്ഞ സെപ്തംബര്‍ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേര്‍ സിവിൽ പൊലിസ് ഓഫീസർമാരാണ്.
തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേർ. കേരള പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിൽ അഞ്ച് വർഷത്തിനിടെ 12 പേർ ആത്മഹത്യാ ശ്രമവും നടത്തിയിട്ടുള്ളതായി വ്യക്തമാക്കുന്നു. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നാണ് പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ. ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗൺസിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയി.
പൊലീസ് സേനാംഗങ്ങൾക്കിടയിൽ മാനസിക സമ്മര്‍ദ്ദം ഏറുന്നു എന്ന ചര്‍ച്ചകൾക്കിടെയാണ് കഴിഞ്ഞ വര്‍ഷങ്ങളിൽ ആത്മഹത്യ ചെയ്ത പൊലീസുകാരുടെ കണക്ക് ശേഖരിച്ചത്. 2019 ജനുവരി മുതൽ ഇക്കഴിഞ്ഞ സെപ്തംബര്‍ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 32 പേര്‍ സിവിൽ പൊലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019ൽ 18 പേർ ആത്മഹത്യ ചെയ്തപ്പോള്‍ 2020ൽ 10 ഉം, 2021 ൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. വിശദവും സമഗ്രവുമായി നടത്തിയ അന്വേഷണത്തിൽ ജോലി സമ്മര്‍ദ്ദം എന്ന ഒറ്റക്കാരണമല്ല ആത്മഹത്യകൾക്ക് പിന്നിലുള്ളത്. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും രോഗവും എല്ലാം കാരണമാണ്.
സേനയുടെ കരുത്തും കെട്ടുറപ്പും മാനസിക ആരോഗ്യവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ മുഴുവൻ പൊലീസുകാര്‍ക്കും കൗൺസിലിംഗ് നൽകാൻ പദ്ധതി തയ്യാറാക്കിയത്. മൂന്ന് വര്‍ഷം മുൻപത്തെ ആശയം ഇന്നും ഫയലിൽ ഉറങ്ങുന്നു. ബംഗലൂരുവിലെ നിംഹാൻസുമായി സഹകരിച്ചായിരുന്നു പദ്ധതി. അഞ്ച് കോടി രൂപ ബജറ്റിട്ടു. പൊലീസുകാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള പദ്ധതി പക്ഷെ ഇന്നും എങ്ങും എത്തിയിട്ടില്ല. സാമ്പത്തിക പരാധീനകളാണ് കാരണം പറയുന്നത്. സ്റ്റേഷനുകളിൽ അതിരൂക്ഷമായ ആൾക്ഷാമം കാരണം പൊലീസുകാർക്ക് എട്ടുമണിക്കൂര്‍ ജോലി സമയം പാലിക്കാനാകില്ല. ജോലി ഭാരം കുറയ്ക്കാൻ ക്രമസമാധാനവും കുറ്റാന്വേഷണവും വേര്‍തിരിക്കുമെന്ന പ്രഖ്യാപനവും പാതിവഴിക്ക് ഉപേക്ഷിച്ച മട്ടാണ്.
Read More : 'വെടി നിർത്തൽ അജണ്ടയിലില്ല'; ഗാസ നഗരം വളഞ്ഞ് ഇസ്രയേൽ, ഹമാസ് കേന്ദ്രങ്ങൾ തകർത്തു, പൊലിഞ്ഞത് 9000 ജീവൻ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)