ശബരിമലയിൽ വൃശ്ചികം 1ന് 65000 തീർത്ഥാടകർ; ഭക്തർ പൂങ്കാവനത്തിന്റെ പരിശുദ്ധി കൂടി കാത്തുസൂക്ഷിക്കണമെന്ന് തന്ത്രി

By Web Team  |  First Published Nov 17, 2024, 10:19 AM IST

ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ അയ്യപ്പൻ്റെ പൂങ്കാവനത്തിൻ്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. 


പത്തനംതിട്ട: ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ അയ്യപ്പൻ്റെ പൂങ്കാവനത്തിൻ്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുട്ടികെട്ടിൽ കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി പറഞ്ഞു. മാളിക പുറത്തും ചില തെറ്റായ പ്രവണതകൾ തുടരുന്നത് ഭക്തർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.

കഠിനമായ വ്രതം നോറ്റ് ഇരുമുട്ടികെട്ടും തലയിൽ വച്ച് കല്ലുമുള്ളും നിറഞ്ഞ പാതകൾ താണ്ടിയെത്തിയിരുന്ന അയ്യപ്പഭക്തർ ദിവസങ്ങളോളമെടുക്കുന്ന യാത്രക്കിടെ ഭക്ഷണം പാകം ചെയ്യാനുള്ള അരിയും തേങ്ങയും ഇരുമുടിയിലെ പിൻകെട്ടിൽ കരുതിയിരുന്നു. കാലം മാറി ഭക്ഷണത്തിനായി അരി കരുതേണ്ട, അയ്യപ്പനുള്ള നിവേദ്യ സാധനങ്ങളും നടയിൽ അർപ്പിക്കാനുള അരിയും മാത്രം ഇരുമുടിയിൽ കരുതിയാൽ മതി. പക്ഷെ പല തീർത്ഥാടകരും അതല്ല കരുതുന്നത്.

Latest Videos

undefined

മാളികപ്പുറത്തുമുണ്ട് തെറ്റായ ആചാരങ്ങൾ. ക്ഷേത്രത്തിന് ചുറ്റും തേങ്ങ ഉരുട്ടലും ഭസ്മമിടലും തൊട്ട് തെറ്റായ പ്രവണതകൾ ഉപേക്ഷിക്കണമെന്നും തന്ത്രി പറയുന്നു. തെറ്റായ പ്രവണതകൾ ഉപേക്ഷിക്കുക വഴി ശബരിമലയിൽ പ്ലാസ്റ്റിക് കുന്നു കൂടുന്നത് വലിയൊരു പങ്ക് കുറയ്ക്കാൻ കഴിയും.

അതേ സമയം, വൃശ്ചികം ഒന്നിന് ശബരിമല ദർശനം നടത്തിയത് 65,000 ത്തിനടുത്ത് തീർത്ഥാടകരാണ്. വെർച്ചുൽ ക്യൂ വഴി 70,000 പേരാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബുക്ക് ചെയ്ത എല്ലാവരും എത്തിയില്ല. വെർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗുമടക്കം 65,000 ത്തിനടുത്ത് തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡിൻ്റെ കണക്ക്. ഇന്നും രാവിലെ മൂന്നു മണിക്ക് ശബരിമല നട തുറന്നു.

click me!