12 വിദ്യാർത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേർത്ത 18 പേരെയും സസ്പെൻറ് ചെയ്തു.
കൽപ്പറ്റ : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിന് കാരണമായ റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. 12 വിദ്യാർത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേർത്ത 18 പേരെയും സസ്പെൻറ് ചെയ്തു. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്.എസ്,(കോളേജ് യൂണിയൻ സെക്രട്ടറി ), ആകാശ് .ഡി,ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർ ഡി എന്നിവരെയാണ് ഒടുവിൽ സസ്‌പെൻഡ് ചെയ്തത്.
ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ.അരുൺ, യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരാണ് ഇന്നലെ രാത്രി കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങിയത്. ഇന്നലെ രാത്രി ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും. ഇതോടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട പത്തുപേർ പൊലീസ് പിടിയിലായി. ഒളിവിലുള്ള ആറുപേർക്കായി തെരച്ചിൽ തുടരുകയാണ്. പ്രതികൾക്ക് എതിരെ മർദനം, തടഞ്ഞുവയ്ക്കൽ, ആയുധം ഉപയോഗിക്കൽ, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ പ്രതികൾക്കെതിരെ രാഷ്ട്രീയം നോക്കാതെ പൊലീസ് നടപടി എടുക്കുമെന്ന് പ്രോ ചാൻസലറായ മന്ത്രി ജെ ചിഞ്ചുറാണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.സർവകാലശാല ക്യാമ്പസിൽ സിസിടിവി ക്യാമറകൾ വെക്കാൻ നിർദേശം നൽകി. കോളേജ് ഡീനടക്കമുള്ളവർക്ക് പങ്കുണ്ടെങ്കിലും കർശന നടപടി ഉണ്ടാകും. സിദ്ധാർഥന്റെ മരണം കുടുംബത്തെ സമയത്ത് അറിയിക്കുന്നതിൽ കോളേജ് ഡീന് വീഴ്ച പറ്റി. മറ്റ് പരാതികൾ ഒന്നും ഡീനിനെതിരെ കിട്ടിയിട്ടില്ല. വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചതും തുടർനടപടികൾ ചെയതതും ഡീൻ തന്നെയായിരുന്നെന്ന് ചിഞ്ചുറാണി വിശദീകരിച്ചു.