രക്ഷപ്പെടാൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരനായ പ്രതിയെ നിലമ്പൂരിലെ ആക്രിക്കടയിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
മലപ്പുറം: നിലമ്പൂരിൽ ചിപ്‌സ് വാങ്ങിത്തരാമെന്ന് പറഞ്ഞ് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി പിടിയിൽ. ഒഡീഷ ബലേശ്വർ സ്വദേശി അലി ഹുസൻ എന്ന റോബി(53)നെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ചിപ്‌സ് വാങ്ങിത്തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
പെൺകുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും കുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയ്ക്ക് പരിക്കുകളുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നിലമ്പൂരിലെ ആക്രിക്കടയിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
ഇതര സംസ്ഥാനക്കാരനായതിനാൽ തുടർ നടപടികൾക്ക് ഹാജരാകാതിരിക്കാൻ സാധ്യതയുള്ളതിനാൽ കസ്റ്റഡിയിൽ തന്നെ വിചാരണ നടപടികൾ പൂർത്തീകരിക്കാനുള്ള പ്രത്യേക അപേക്ഷ കോടതിയിൽ നൽകിയിട്ടുണ്ടെന്ന് നിലമ്പൂർ ഇൻസ്‌പെക്ടർ മനോജ് പറയട്ട അറിയിച്ചു. പരിചയമുള്ളവരായതിനാലാണ് പെൺകുട്ടി പ്രതിക്കൊപ്പം പോയതെന്നും അടുത്തുള്ള ക്വാർട്ടേഴ്‌സ് മുറിയിൽ വെച്ച് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർക്ക് പുറമെ എ.എസ്.ഐ സുധീർ, എസ്.സി.പി.ഒ അജിത്, രമേഷ്, ഹോം ഗാർഡ് മാധവൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.