അക്കൗണ്ട് എടുത്താൽ തന്നെ 5000 രൂപ കിട്ടും, പിന്നെ പണം വന്നുകൊണ്ടേയിരിക്കും; ഇപ്പോൾ പല സംസ്ഥാനങ്ങളിലും കേസ്

By Web Team  |  First Published Dec 19, 2024, 11:36 AM IST

ഒളിഞ്ഞിരിക്കുന്ന ചതി മനസിലാക്കാതെ നിരവധിപ്പേർ ബാങ്കുകളിൽ പോയി അക്കൗണ്ട് എടുക്കുകയും അതിന്റെ വിവരങ്ങൾ കൈമാറുകയും ചെയ്യും. കമ്മീഷൻ എല്ലാവർക്കും കിട്ടുകയും ചെയ്യുന്നുണ്ട്


തൃശ്ശൂർ: ഡിജിറ്റല്‍ തട്ടിപ്പിലൂടെ പണം കൈമാറാന്‍ മലയാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാപകമായി ഉപയോഗിച്ച് തട്ടിപ്പ് സംഘം. ഇരുപതിലേറെ അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കൈപ്പമംഗലം സ്വദേശി ഞെട്ടിപ്പിക്കുന്ന പണമിടപാട് വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കമ്മീഷന്‍ വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരില്‍ നിന്ന് തട്ടിപ്പ് സംഘം അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

ഡിജിറ്റല്‍ അറസ്റ്റ്, ഷെയര്‍ ട്രേഡ് ആപ്പ് തട്ടിപ്പ്, ഗെയിമിഗ് തട്ടിപ്പ് തുടങ്ങി സൈബര്‍ ലോകത്തെ വന്‍ കൊള്ളകളിലൂടെ ലഭിക്കുന്ന കോടികള്‍ തട്ടിപ്പ് സംഘം കൈമാറുന്നത് നൂറ് കണക്കിന് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. ഈ അക്കൗണ്ടുകള്‍ തുറക്കാന്‍ ഇവരെ സഹായിക്കുന്നതാവട്ടെ നാട്ടിലെ ചെറുപ്പക്കാരും വിദ്യാര്‍ഥികളും വീട്ടമ്മമാരുമെല്ലാം. അങ്ങനെ സഹായിച്ചൊരാള്‍ ഏഷ്യാനെറ്റ് ന്യൂസനോട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി

Latest Videos

undefined

കൈപ്പമംഗലം സ്വദേശിയെ തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് അയാളുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നു. ഇയാളുടെ സുഹൃത്തുക്കളുടെ അക്കൗണ്ടുകൾ വഴിയും ഇതുപോലെ തന്നെ പണം കൈമാറപ്പെട്ടു. സുഹൃത്തുക്കളായ താജുദ്ദീൻ, റമീസ് എന്നിവരാണ് തന്നെ സമീപിച്ചതെന്ന് ഇയാൾ പറയുന്നു. കുറച്ച് പണം വരാനുണ്ടെന്നും തങ്ങളുടെ അക്കൗണ്ടിൽ നിക്ഷപിച്ചാൽ ടാക്സിന്റെ പ്രശ്നം വരുമെന്നുള്ളതു കൊണ്ട് ഒരു അക്കൗണ്ട് എടുത്തു കൊടുക്കുമോ എന്നും ചോദിച്ചു. നാല് ലക്ഷത്തിൽ താഴെയുള്ള തുക മാത്രമേ വരികയുള്ളൂ എന്നായിരുന്നു പറഞ്ഞിരുന്നത്. 

5000 രൂപവരെ കമ്മീഷന്‍ ലഭിക്കുമെന്നതാണ് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയാലുള്ള ഗുണം. ഇതോടെ യുവാവ് ബന്ധപ്പെട്ട വീട്ടമമ്മാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഉത്സാഹത്തോടെ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന് കൈമാറി. ഓരോ അക്കൗണ്ട് തുറക്കുമ്പോഴും നിശ്ചിത തുക ഈ യുവാവിനും ലഭിച്ചു. അക്കൗണ്ട് ഉടമയ്ക്ക് 5000 രൂപ, അക്കൗണ്ട് നൽകുന്നയാളിന് 2000 രൂപ എന്നിവയ്ക്ക് പുറമെ ഈ യുവാവിനും 1500 രൂപ വീതം കിട്ടി.

എന്നാൽ പിന്നീട് ഡല്‍ഹി, മുബൈ ഉൾപ്പെടെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ പൊലീസിൽ നിന്ന് നോട്ടീസ് ലഭിക്കാൻ തുടങ്ങി. പിന്നാലെ ഫോണ്‍ വഴി കൂടി പൊലീസ് ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് അറിഞ്ഞതെന്ന് യുവാവ് പറയുന്നു. ഇയാള്‍ മാത്രമല്ല ഇങ്ങനെ അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത്. പരിസര പ്രദേശങ്ങളിൽ നിരവധിപ്പേർ ഇങ്ങനെ അക്കൗണ്ട് എടുത്തു കൊടുത്തിട്ടുണ്ടത്രെ. ഏഴുപതിലധികം അക്കൗണ്ടുകൾ എടുത്തു കൊടുത്തവരെക്കുറിച്ചും യുവാവ് പറയുന്നു. അതിലെല്ലാം 10 ലക്ഷവും 15 ലക്ഷവുമെല്ലാം തുകകൾ വന്നിട്ടുണ്ടത്രെ. 

കാര്യങ്ങള്‍ കൈവിട്ടുപോയതോടെ യുവാവ് പൊലീസിനെ സമീപിച്ചു. പരാതിയെ തുടര്‍ന്ന് സുഹൃത്തുക്കളായ താജുദിന്‍ റമീസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തിനിടെ താജുദിന്‍റെ അക്കൗണ്ടിലെത്തിയത് 2,71,73,081 രൂപ. പ്രതികള്‍ പിടിയിലായതോടെ വധഭീഷണി കോള്‍ വരെ യുവാവിനെ തേടിയെത്തി. ഒരാഴ്ചയായി വീട്ടിൽ പോയിട്ട്. ഭീഷണി ഭയന്ന് പലയിടത്തും ഒളിവിൽ താമസിക്കുകയാണ്. അറസ്റ്റിലായവരിലൊരാള്‍ എന്‍ഐഎ കേസില്‍ പ്രതിയാണെന്നാണ് വിവരം. സംഭവത്തില്‍ ഇഡിയ്ക്കും പരാതി നല്‍കാനാണ് യുവാവിന്‍റെ തീരുമാനം. 

കമ്മീഷൻ കിട്ടുമെന്ന് കണ്ട് എന്തും ചെയ്യുന്നവർ ഇത്തരം കാര്യങ്ങളിൽ വലിയ ചതിക്കുഴികളിൽ ചെന്നു വീഴാൻ ഇടയുണ്ട്. ബാങ്ക് അക്കൗണ്ട് തുറന്നാല്‍ അക്കൗണ്ട് ഉടമ മാത്രമേ അത് ഉപയോഗിക്കാവൂ. അക്കൗണ്ടിലൂടെ നടക്കുന്ന പണമിടപാടുകളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയും വേണം. ഇല്ലെങ്കില്‍ വന്‍ ചതിക്കുഴികളില്‍ വീഴും. ക്രിമിനല്‍ സാമ്പത്തിക തട്ടിപ്പുകളില്‍പ്രതികളാവുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!