മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദ്ദിച്ച അഞ്ച് പൊലീസുകാർക്കെതിരെ നടപടി; കണ്ണൂർ സിറ്റിയിലേക്ക് സ്ഥലംമാറ്റി

By Web Team  |  First Published Oct 8, 2024, 5:03 PM IST

മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെ പൊലീസ് മർദ്ദനമേറ്റെന്ന ദേശാഭിമാനി ലേഖകൻ്റെ പരാതിയിൽ പൊലീസുകാരെ സ്ഥലം മാറ്റി


കണ്ണൂർ: മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ചെന്ന പരാതിയിൽ അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയും കണ്ണൂർ സിറ്റിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇവർക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപെട്ടിരുന്നു. ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പൊലീസ് മർദിച്ചെന്ന പരാതിയിലാണ് നടപടി.

മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മർദ്ദനമേറ്റതെന്നാണ് ദേശാഭിമാനി ലേഖകൻ ശരത് ആരോപിച്ചത്. പൊലീസ് അകാരണമായി പിടികൂടി മർദിച്ചെന്നായിരുന്നു ആരോപണം. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്ന് ശരത് ഫേസ്ബുക്കിൽ കുറിച്ചു. ചോറ്റുപട്ടാളത്തെപ്പോലെ എസ്എഫ്ഐ പ്രവർത്തകർക്കും തനിക്കുമെതിരെ പൊലീസ് അക്രമം അഴിച്ചുവിട്ടെന്നും പാർട്ടിയിലാണ് പ്രതീക്ഷയെന്നും ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. എസ്എഫ്ഐയുടെ വിജയാഘോഷ പ്രകടനത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് സംഘർഷമുണ്ടായത്. ഇതേ തുടർന്ന് സ്ഥലത്ത് പൊലീസ് ലാത്തിവീശിയിരുന്നു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!