മഴക്കെടുതിയിൽ 5 മരണം; കോട്ടയത്ത് ഉരുൾപൊട്ടി, കൊച്ചി നഗരം മുങ്ങി, അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published May 28, 2024, 11:21 PM IST
Highlights

കാസർകോട് ഉപ്പള നയാബസാറിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വാഹനങ്ങൾ തകർന്നു.ആർക്കും പരിക്കില്ല. തിരുവനന്തപുരം നെടുമങ്ങാട് കിള്ളിയാറ്റിൽ ഒഴുക്കിൽപ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് വിവിധയിടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയിൽ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്‍റെ മകൻ എൽദോസ് ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ സിനാൻ ആണ് മരിച്ചത്. വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്. 

അതിതീവ്ര മഴയ്ക്ക് സാധ്യത

Latest Videos

കാലവർഷക്കാറ്റ് ശക്തമായതോടെ വരും ദിവസങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുമെന്നാണ് മുനനറിയിപ്പ്. കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ട് മുന്നറിയിപ്പ് ഇന്ന് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാടും, കണ്ണൂരും, കാസർകോടും ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പുലർത്തണം. കേരളാ തീരത്തേക്ക് കാലവർഷമെത്താൻ അനുകൂലമായ സാഹചര്യം ഒരുങ്ങിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

വെള്ളത്തില്‍ മുങ്ങി കൊച്ചി നഗരം

മൂന്ന് മണിക്കൂർ നീണ്ട പെരുമഴ കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കി. നഗരത്തോട് ചേർന്ന കളമശ്ശേരിയിലും തൃക്കാക്കരയിലും മഴ നിർത്താതെ പെയ്തതോടെ ഇൻഫോപാർക്ക് മുതൽ നിരവധി വീടുകളും കടകളും വെള്ളത്തിലായി. ലഘുമേഘ വിസ്ഫോടനത്തിന്‍റെ സാധ്യതയാണ് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊച്ചി നഗരവും പരിസരവും പുഴയായും തോടായും മണിക്കൂറുകൾ ഒഴുകി. കളമശ്ശേരി കൈപ്പടമുകളിൽ ശക്തമായ ഒഴുക്കിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. 

രാവിലെ ആറര മണി മുതൽ തുടർച്ചയായി മൂന്ന് മണിക്കൂർ നിന്ന് പെയ്ത പെരുമഴയിലാണ് കൊച്ചി വെള്ളത്തില്‍ മുങ്ങിയത്. രാവിലെ 9മണിയായതോടെ ഗതാഗതകുരുക്കും നഗരത്തെ നിശ്ചലമാക്കി. ദേശീയപാതയും ദീർഘനേരം ചലനമറ്റു. എം ജി റോഡ് ,ഇടപ്പള്ളി മുതൽ ഇൻഫോപാർക്കിനുള്ളിലും വെള്ളക്കെട്ട് രൂക്ഷമായി. പിന്നാലെ കളമശ്ശേരിയിലും തൃക്കാക്കരയിലും 400 അധികം വീടുകളിലേക്ക് വെള്ളം ഇരച്ചെത്തി. എഴുത്തുകാരി ലീലാവതി ടീച്ചറുടെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ വീട്ടിൽ വെള്ളം കയറി പുസ്തകങ്ങൾ നശിച്ചു.
തൃക്കാക്കരയിലും കാക്കനാടും കനാൽ ശുചീകരണത്തിലെ മെല്ലപ്പോക്കാണ് ദുരിതം ഇരട്ടിയാക്കിയത്. കളമശ്ശേരി മൂലേപ്പാടത്ത് ഫയൽഫോഴ്സ് എത്തി പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു. 

കൊച്ചിയിലുണ്ടായ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടത്. കൊച്ചി കുസാറ്റ് ക്യാമ്പസിൽ 98.4 മില്ലി മീറ്റർ മഴയാണ് ഒരു മണിക്കൂറിൽ പെയ്തത്. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി. അഞ്ച് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. കൊച്ചി നഗരത്തിന് പുറമെ അമ്പലമുകൾ, അങ്കമാലി ടൗണിലടക്കം വെള്ളം കയറി. തിരുവാണിയൂർ പഞ്ചായത്തിൽ ജൽജീവൻ മിഷന്‍റെ നിർമ്മാണം നടക്കുന്ന റോഡിന്‍റെ ഒരു വശം ഒലിച്ച് പോയി.

കോട്ടയത്ത് ഉരുള്‍പൊട്ടല്‍

കനത്ത മഴയിൽ കോട്ടയത്ത് ഉരുൾപൊട്ടലും വ്യാപക കൃഷി നാശവും. ഭരണങ്ങാനത്തിനടുത്ത് ഇടമറുക് ചൊക്കല്ലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏഴു വീടുകൾ നശിച്ചു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡ് അടക്കം ജില്ലയിലെ പ്രധാന റോഡുകളിൽ പലതിലും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്ര ക്ലേശവും രൂക്ഷമാക്കി.

തെക്കൻ കേരളത്തിലും ദുരിതം

കനത്ത മഴ തെക്കൻ കേരളത്തിലും ദുരിതം വിതച്ചു. തിരുവനന്തപുരം കാട്ടാക്കടയിൽ ഫാമിൽ വെള്ളം കയറി അയ്യായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. തിരുവനന്തപുരത്ത് കിള്ളിയാർ കരകവിഞ്ഞതിനെ തുടർന്ന് ജഗതി,മേലാറന്നൂർ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. വർക്കലയിൽ പാപനാശം ബലി മണ്ഡപത്തിന് സമീപം കുന്നിടിഞ്ഞു. കൊല്ലത്തും പലയിടത്തും വെള്ളക്കെട്ടുണ്ടായി. തിരുവനന്തപുരം നെടുമങ്ങാട് കിള്ളിയാറ്റിൽ ഒഴുക്കിൽപ്പെട്ട പോത്തിനെ രക്ഷപ്പെടുത്തി. കഴുത്തിൽ കയറു കെട്ടിയ നിലയിൽ മുങ്ങിത്താണ പോത്തിനെയാണ് കരയ്ക്കെത്തിച്ചത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.


കാസര്‍കോട് മരം കടപുഴകി വാഹനങ്ങള്‍ തകര്‍ന്നു

കാസർകോട് ഉപ്പള നയാബസാറിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വാഹനങ്ങൾ തകർന്നു. നിർത്തിയിട്ട വാഹനങ്ങൾക്ക് മേൽ മരം വീഴുകയായിരുന്നു.ആർക്കും പരിക്കില്ല.മൂന്ന് ഓട്ടോറിക്ഷകൾക്കും നിരവധി ബൈക്കുകൾക്കും കേടുപാട് സംഭവിച്ചു.

ഒഴുക്കില്‍പ്പെട്ട് കാണാതായി

കൊല്ലം തൃക്കോവിൽവട്ടം മുഖത്തലയിൻ മഴക്കാല രക്ഷാ പ്രവർത്തനത്തിലുൾപ്പെട്ടയാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. തൃക്കോവിൽവട്ടം കണിയാംതോടിന് സമീപം താമസിക്കുന്ന 48 വയസുള്ള സലീമിനെയാണ് കാണാതായത്. വൈകീട്ട് അഞ്ചിന് വീടിന് സമീപത്തുള്ള തോട്ടിൽ വീഴുകയായിരുന്നു. പത്തടിയോളം താഴ്ചയുള്ള തോട്ടിൽ കടപ്പാക്കടയിലെ അഗ്നിരക്ഷാ സേന രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കനത്ത മഴ; പൗള്‍ട്രി ഫാമിലെ 5000ത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു, മതിലിടിഞ്ഞ് കാര്‍ തകര്‍ന്നു


 

click me!