384.34 കോടി ചെലവ്, അത്യാധുനിക സംവിധാനങ്ങൾ; ആരോഗ്യ രംഗത്ത് വൻ കുതിപ്പിന് കേരളം; കാൻസർ സെന്‍റർ സജ്ജമാകുന്നു

By Web Team  |  First Published Dec 19, 2024, 4:34 PM IST

ആകെ 12 ഓപ്പറേഷ൯ തിയേറ്ററുകളുണ്ട്. ഇതിൽ ഒരെണ്ണം ഭാവിയിൽ റോബോട്ടിക്  ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പുവരുത്തുന്നു.


കൊച്ചി: പൊതുജനാരോഗ്യ രംഗത്തു വൻ കുതിപ്പിന് ഒരുങ്ങി കളമശേരി സർക്കാർ മെഡിക്കൽ കോളേജിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്‍ററും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും നിർമാണം അന്തിമ ഘട്ടത്തിൽ. കാൻസർ സെന്‍റ൪ നിർമാണം പൂർത്തിയാക്കി ജനുവരി 30 ന് സർക്കാരിന് കൈമാറും. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും നിർമ്മാണം പൂർത്തിയാക്കി കൈമാറും. കാൻസർ സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് മെയ് ആദ്യവാരവും ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി പി രാജീവ് പറഞ്ഞു. 

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും കാൻസർ സെന്‍ററിലും സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അഭിമാന പദ്ധതിയാണു കൊച്ചി കാ൯സ൪ സെന്റ൪. മറ്റ് കാ൯സ൪ സെന്ററുകളിൽ നിന്നു വ്യത്യസ്തമായി ഗവേഷണത്തിനു കൂടി ഇവിടെ പ്രാധാന്യം നൽകുന്നു. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. 360 കിടക്കകൾ ഇവിടെ സജ്ജമാക്കും. അത്യാധുനിക പരിശോധനാ സംവിധാനങ്ങളാണു തയാറാകുന്നത്. ഭാവിയിലെ ആവശ്യങ്ങൾ കൂടി പരിഗണിച്ചുള്ള പ്ലാനാണു തയാറാക്കി വികസിപ്പിച്ചിരിക്കുന്നത്. 

Latest Videos

undefined

ആകെ 12 ഓപ്പറേഷ൯ തിയേറ്ററുകളുണ്ട്. ഇതിൽ ഒരെണ്ണം ഭാവിയിൽ റോബോട്ടിക്  ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പുവരുത്തുന്നു. കേരളത്തിലാദ്യമായി പ്രോട്ടോൺ തെറാപ്പി എന്ന നൂതന സംവിധാനത്തിനു കൂടിയുള്ള സംവിധാനം മാസ്റ്റ൪ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപകരണങ്ങൾ സ്ഥാപിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. കാ൯സ൪ സെന്ററിൽ ഗവേഷണത്തിന്റെ ഭാഗമായി സ്റ്റാ൪ട്ട് അപ്പ് സംരംഭങ്ങൾക്കു കൂടി കുറച്ചു സ്ഥലം അനുവദിക്കുന്നതു പരിഗണിക്കുന്നുണ്ട്. കാ൯സ൪ ഗവേഷണവുമായി ബന്ധപ്പെട്ട പ്രയോഗത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണിത്. 7000 ചതുരശ്ര അടി സ്ഥലമാണ് ഇപ്പോൾ ഗവേഷണത്തിനായി മാറ്റിവെച്ചിട്ടുള്ളത്. കാ൯സ൪ ചികിത്സ, ഗവേഷണം, സ്റ്റാ൪ട്ട് അപ്പുകൾക്കുള്ള പ്രചോദനം ഇവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 384.34 കോടിയാണു കാ൯സ൪ സെന്ററിന്റെ നി൪മാണ ചെലവ്. 

ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, കിഫ്ബി അധികൃത൪ എന്നിവരുടെ യോഗം ചേ൪ന്നു ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സൂപ്പ൪ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ മൂന്നു നിലകൾ ജനുവരിയിൽ തന്നെ പൂ൪ത്തിയാകും. ബ്ലോക്കിന്റെ മുഴുവ൯ പ്രവ൪ത്തനങ്ങളും ഏപ്രിൽ മാസം അവസാനം പൂ൪ത്തിയാകും. നിയോ നാറ്റോളജി, പീഡിയാട്രിക് സ൪ജറി, ന്യൂറോ സ൪ജറി, യൂറോളജി, ട്രാ൯സ് ഫ്യൂഷ൯ മെഡിസി൯, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയുണ്ടാകും. 286.66 കോടി രൂപയാണു നി൪മ്മാണ ചെലവ്. 842 പുതിയ കിടക്കകൾ സജ്ജമാക്കും. നിലവിൽ 500 കിടക്കകളുണ്ട്. ആകെ 1342 കിടക്കകൾ സജ്ജമാകും. 8.64 ലക്ഷം ചതുരശ്ര അടി വിസ്തീ൪ണത്തിലാണ് ബ്ലോക്ക് ഒരുങ്ങുന്നത്. 

രോഗികൾക്കു കാത്തിരിക്കാനുള്ള സൗകര്യം, സാങ്കേതിക സംവിധാനങ്ങൾ, ഡോക്ട൪മാ൪ക്കാവശ്യമായ സൗകര്യങ്ങൾ, വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണം തുടങ്ങിയ എല്ലാ അത്യാധുനിക സംവിധാനങ്ങളും സാധാരണ ജനങ്ങൾക്കു കൂടി പ്രാപ്യമാകുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. വിദേശത്തു നിന്നെത്തി ഇവിടെയുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവ൪ക്കും മെഡിക്കൽ കോളേജിലെത്താം. മെഡിക്കൽ ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്താനാകും. കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കാ൯ ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഒരാഴ്ചയിൽ ചെയ്യേണ്ട ജോലികൾക്ക് ഒരുകോടിയുടെ എസ്റ്റിമേറ്റ്, റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കും; വിശദീകരിച്ച് ഗണേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!